ഇവിഎം തങ്ങള്‍ നല്‍കിയതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍: ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിയുടെ ജയം വ്യാജ വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ?

single-img
14 September 2018

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎം മെഷീനുകള്‍ തങ്ങള്‍ നല്‍കിയതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാല അധികൃതര്‍ സ്വകാര്യമായി സമ്പാദിച്ചതാവും ഇവിഎം മെഷീനുകള്‍.

ഇവിഎമ്മുകള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പുമായി ഒരു സംഘം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചെങ്കിലും 10 പേര്‍ക്ക് വോട്ട് രേഖപ്പെടുത്തിയെന്നും വോട്ടുകളെല്ലാം എ.ബി.വി.പിക്ക് മാത്രം പോകുന്നുവെന്നുമായിരുന്നു പരാതി. തുടര്‍ന്ന് വോട്ടെണ്ണല്‍ നിറുത്തി വയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതിനിടയില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിറുത്തിവച്ചെന്ന വാര്‍ത്തയും പടര്‍ന്നു.

തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച യന്ത്രങ്ങള്‍ എവിടെനിന്നാണ് കൊണ്ടുവന്നതെന്ന കാര്യത്തില്‍ ഡല്‍ഹി സര്‍വകലാശാല അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സീറ്റുകളിലും എ.ബി.വി.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒരെണ്ണം കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍.എസ്.യു.ഐ നേടി.