‘അതീവ അപകടകരം’ എന്ന വിഭാഗത്തില്‍പ്പെടുന്ന ‘മങ്ഖുട്ട്’ ചുഴലിക്കാറ്റ് വരുന്നു: 285 കി.മീ വേഗത്തില്‍ ആഞ്ഞടിക്കും: പലയിടത്തും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു

single-img
14 September 2018

ലോകത്തെ ഭീതിയിലാഴ്ത്തി ‘മങ്ഖുട്ട്’ ചുഴലിക്കാറ്റ്. ‘അതീവ അപകടകരം’ എന്ന വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റ് ഹോങ്കോങ്, ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങളിലേക്കാണു നീങ്ങുന്നത്. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മങ്ഖുട്ട്, മണിക്കൂറില്‍ 205 മുതല്‍ 285 കിലോമീറ്റര്‍ വരെ വേഗത്തിലാണു വീശുന്നത്.

പസിഫിക് സമുദ്രത്തില്‍ രൂപപ്പെട്ടപ്പോള്‍ മങ്ഖുട്ടിന്റെ വേഗം 450 കിലോമീറ്ററായിരുന്നു. ചുഴലി കടന്നുപോകാന്‍ സാധ്യതയുള്ള കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 43 ദശലക്ഷം ആളുകളെ ബാധിക്കുമെന്നാണു കരുതുന്നത്.

മങ്ഖുട്ട് അപൂര്‍വ ചുഴലിയാണെന്നു ബ്യൂറോ ഓഫ് മെട്രോളജി ഓസ്‌ട്രേലിയ ട്രോപിക്കല്‍ കാലാവസ്ഥാ വിദഗ്ധന്‍ ഗ്രെഗ് ബ്രൗണിങ് അഭിപ്രായപ്പെട്ടു. വലിയൊരു പ്രദേശത്തു അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യയുള്ളതാണ് ഈ ചുഴലിയെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയോടെ തീരത്തടുക്കുന്ന മങ്ഖുട്ടിന്റെ വേഗം കുറയുമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നത്. പ്രവചിച്ചതിനേക്കാള്‍ 500 കിലോമീറ്റര്‍ ചുറ്റളവില്‍ ചുഴലിയുടെ പ്രഹരപ്രദേശങ്ങള്‍ മാറാനുള്ള സാധ്യത 70 ശതമാനമാണെന്നു ഹോങ്കോങ് ഒബ്‌സര്‍വേറ്ററി ട്രാക്കിങ് സിസ്റ്റം അറിയിച്ചു.

ഫിലിപ്പീന്‍സില്‍ ആയിരക്കണക്കിനു കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. രാജ്യത്തു പലയിടത്തും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. മണ്‍സൂണിനൊപ്പം ചുഴലി കൂടി എത്തുമ്പോള്‍ ഫിലിപ്പീന്‍സില്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

2018ല്‍ ഇതുവരെയുണ്ടായ ചുഴലിക്കാറ്റുകളില്‍ വലുതാണിത്. 2013ല്‍ ഫിലിപ്പീന്‍സ് തീരത്ത് ആഞ്ഞടിച്ച ഹയാന്‍ ആണ് 1946നു ശേഷമുണ്ടായ ഭീമന്‍ ചുഴലി. മണിക്കൂറില്‍ 230 മുതല്‍ 325 കിലോമീറ്റര്‍ വേഗത്തിലാണു ഹയാന്‍ കരയ്ക്കടിച്ചത്.

അതേസമയം, ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ശക്തമായ മഴയും കാറ്റുമാണ്. നദികള്‍ കരവിഞ്ഞ് ഒഴുകുന്നു. പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. 12,000ത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടന്നതെന്നു നോര്‍ത്ത് കാരലൈന ഡിപ്പാര്‍ട്‌മെന്റ് ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് പറഞ്ഞു.