ഫ്‌ളോറന്‍സ് തീരത്തേക്ക്: അമേരിക്കയില്‍ അതിജാഗ്രതാ നിര്‍ദ്ദേശം

single-img
13 September 2018

ആറു പതിറ്റാണ്ടിനു ശേഷമെത്തുന്ന ഏറ്റവുംവലിയ ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി അമേരിക്ക. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ഫ്‌ളോറന്‍സ് ഇന്ന് രാത്രിയോടുകൂടിയോ നാളെ പുലര്‍ച്ചയോ അമേരിക്കന്‍ തീരങ്ങളില്‍ വീശും. നോര്‍ത്ത് കാരലൈനയിലും സൗത്ത് കാരലൈനയിലും വിര്‍ജീനിയയിലുമാണ് ആദ്യം കാറ്റ് വീശുക.

കാറ്റിനൊപ്പം പേമാരിയും പ്രളയവുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരമാലകള്‍ 12 അടി വരെ ഉയര്‍ന്നേക്കാം. ഫ്‌ലോറന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് 15 ലക്ഷത്തിലേറെ പേരോട് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കി. കാറ്റ് വീശുന്ന സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നിലവില്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്‌ളോറന്‍സ് കരയിലേക്ക് വരുന്നത്. ഫ്‌ളോറന്‍സിന് കരയോടടുക്കുമ്പോഴേക്കും തീവത്ര വര്‍ദ്ധിക്കുമെന്നും കാറ്റഗറി അഞ്ചിലുള്ള അതിഭീകര ചുഴലിക്കാറ്റായി മാറുമെന്നാണ് മയാമിലെ നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അവധി പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടത്തോടെ വീട് ഒഴിഞ്ഞ് പോകുന്നത് കാരണം ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആളുകള്‍ കൂട്ടത്തോടെ പോകുമ്പോള്‍ ഗതാഗത സ്തംഭനം ഉണ്ടായത് പരിഗണിച്ചാണ് ഈ തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.