സൗദിയിലെ പ്രവാസികള്‍ക്ക് ഇരുട്ടടി: സമഗ്ര സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങി: 70 ശതമാനം പ്രവാസികള്‍ക്കും ജോലി നഷ്ടമാകും

single-img
13 September 2018

സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തിന്റെ സുപ്രധാനഘട്ടം ചൊവ്വാഴ്ച തുടങ്ങിയതോടെ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് വിദേശികള്‍ ആശങ്കയില്‍. ഓട്ടോ മൊബൈല്‍, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നീ മേഖലകളിലാണ് സമഗ്ര നിതാഖാത് നടപ്പാക്കുന്നത്.

ഇതോടെ 70 ശതമാനം വിദേശികള്‍ക്ക് ജോലി നഷ്ടമാകും. നിയമംലംഘിച്ച് ജോലിയില്‍ തുടര്‍ന്നാല്‍ 20,000 റിയാല്‍ (ഏകദേശം 3,90,000 രൂപ) വരെ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരുമെന്ന് തൊഴില്‍മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആയിരക്കണക്കിന് മലയാളികള്‍ തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് സൂചന.

12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയില്‍ ജോലിചെയ്യുന്നത്. അതായത് 65 ശതമാനം. ചില്ലറ വ്യാപാര മേഖലയില്‍ 3.40 ലക്ഷം സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയില്‍ 35000ലേറെ സ്ഥാപനങ്ങളും സൗദിയിലുണ്ട്. വാഹനമേഖലയിലെ 95,000 സ്ഥാപനങ്ങളിലായി വിപണി, റിപ്പയറിങ് മേഖലകളില്‍ നാലു ലക്ഷത്തിലേറെപ്പേരും ജോലിചെയ്യുന്നു. 70 ശതമാനത്തോളം പേരുടെ ജോലി നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് വിദേശികളാകും മടങ്ങേണ്ടി വരുന്നത്.

സൗദിയില്‍ 10 ലക്ഷത്തിലേറെ മലയാളികളില്‍ 70 ശതമാനം ചെറുകിടസ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. സ്വദേശിവത്കരണത്തിലും ലെവി പരിഷ്‌കാരത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഒട്ടേറെ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂട്ടിയിരുന്നു.