അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത് കള്ളം; ജെയ്റ്റ്‌ലി-മല്യ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയെ ഹാജരാക്കി രാഹുല്‍ ഗാന്ധി

single-img
13 September 2018

വിജയ് മല്യ വിഷയത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വായ്പാതട്ടിപ്പു കേസ് പ്രതിയായ മല്യയെ രാജ്യം വിടാന്‍ ജയ്റ്റ്‌ലി സഹായിച്ചു. പ്രധാനമന്ത്രിക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചു.

മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കള്ളംപറയുകയാണ്. പാര്‍ലമെന്റിനകത്ത് വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ സാക്ഷിയാണെന്നും രാഹുല്‍ ആരോപിച്ചു.

കുറ്റവാളിയായ ഒരാളോട് എന്തിനാണ് ബന്ധം പുലര്‍ത്തിയതെന്നും എന്താണ് ചര്‍ച്ച ചെയ്തതെന്നും ധനകാര്യമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ പി.എല്‍.പുനിയയും രാഹുലിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

2016 മാര്‍ച്ചില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ ഒരു മൂലയില്‍ വിജയ് മല്യയും അരുണ്‍ ജെയ്റ്റ്‌ലിയും കൂടിക്കാഴ്ച നടത്തുന്നത് ഞാന്‍ കണ്ടതാണ്. കൂടിക്കാഴ്ച ഏഴു മിനിറ്റോളം നീണ്ടുനിന്നിരുന്നു. ഇരുവരും അവിടെയുള്ള ബെഞ്ചിലിരുന്നാണ് സംസാരിച്ചത്. ജെയ്റ്റ്‌ലിയുടെ അടുത്തേക്ക് മല്യ വരികയായിരുന്നുവെന്നും പുനിയ പറഞ്ഞു.

മല്യ ലണ്ടനിലേക്ക് കടക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ചയെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പുനിയ കൂട്ടിച്ചേര്‍ത്തു. 2014നു ശേഷം മല്യക്ക് തന്നെ കാണാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിമാനത്താവളത്തില്‍ മല്യയ്‌ക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് മാറ്റി റിപ്പോര്‍ട്ട് നോട്ടിസ് ആക്കിയത് ജയ്റ്റിലിയുടെ അറിവോടെയാണ്. രാജ്യം വിടാന്‍ മല്യയെ സഹായിക്കുന്നതിനു പ്രധാനമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നോ എന്നു ജയ്റ്റ്‌ലി വ്യക്തമാക്കണം. മല്യയെ സഹായിച്ചതില്‍ സര്‍ക്കാരിനുള്ള പങ്കു പുറത്തുകൊണ്ടുവരാന്‍ നിയമപരമായ എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി.

അതിനിടെ, ജയ്റ്റ്‌ലിയുമായി യാദൃച്ഛികമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് പറഞ്ഞ് വിജയ് മല്യ വീണ്ടും രംഗത്തെത്തി. മുന്‍കൂട്ടി അനുമതി വാങ്ങിയില്ല. ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയ്റ്റ്‌ലിയെ കണ്ടപ്പോള്‍ ലണ്ടനിലേക്കു പോകുന്ന കാര്യം സൂചിപ്പിച്ചിരുന്നു.

ബാങ്കുകളുമായുള്ള ഇടപാട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹത്തെ ബോധിപ്പിച്ചിരുന്നുവെന്നും മല്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മല്യ പറയുന്നത് കളവാണെന്നും ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും ജയ്റ്റ്‌ലി അറിയിച്ചു. മല്യക്ക് കൂടികാഴ്ചക്ക് സമയം നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.