Latest News

ഭീഷണി പ്രസംഗ കേസ്; പി.കെ.ബഷീര്‍ എംഎല്‍എക്കെതിരായ കേസ് പിന്‍വലിച്ചത് സുപ്രീംകോടതി റദ്ദാക്കി

ഭീഷണി പ്രസംഗത്തില്‍ ഏറനാട് എംഎല്‍എ പി.കെ.ബഷീറിനെതിരായ കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി. ബഷീറിനെതിരായ കേസ് പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. 2008ല്‍ ബഷീര്‍ നടത്തിയ ഭീഷണി പരാമര്‍ശത്തിനെതിരെ വി.എസ്.സര്‍ക്കാരാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പിന്നീട് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കുകയായിരുന്നു. സ്‌കൂള്‍ അധ്യാപകനായ ജെയിംസ് അഗസ്റ്റിനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷിപറയുന്നവരുടെ കാലുവെട്ടുമെന്നു പ്രസംഗിച്ചതിന്റെ പേരില്‍ സ്വമേധയാ എടുത്തകേസായിരുന്നു പിന്‍വലിച്ചത്.

അയ്യൂബ് എന്നയാളാണ് കേസ് റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കാന്‍ അനുമതി നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ ആകുമോ എന്ന കാര്യം മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസ് ആകേണ്ട ആളല്ല പബ്ലിക് പ്രോസിക്യൂട്ടറെന്ന് കോടതി പറഞ്ഞു.

കൊലവിളി പ്രസംഗം പി.കെ.ബഷീര്‍ നടത്തിയത് 2008 നവംബറില്‍

വി. എസ് അച്യുതാനന്ദന്‍ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പുറത്തിറങ്ങിയ വിവാദ പാഠപുസ്തകത്തിനെതിരെ യൂത്ത് ലീഗ് നടത്തിയ സമരത്തില്‍ മലപ്പുറത്ത് ഒരു അധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ഏതാനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഇവര്‍ക്കെതിരെ ആരെങ്കിലും സാക്ഷി പറയാന്‍ പോയാല്‍ കയ്യുംകാലും വെട്ടിയെടുക്കുമെന്നായിരുന്നു ബഷീറിന്റെ കൊലവിളി പ്രസംഗം. ‘കേരളം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന സംഭവം നടന്നത് കിരിശേരിയിലാണ്. ക്ലസ്റ്റര്‍ ഉപരോധത്തോടനുബന്ധിച്ച് നടന്ന സമരത്തില്‍ നമ്മുടെ നിര്‍ഭാഗ്യത്തിന് ഒരു മാസ്റ്റര്‍ മരണപ്പെട്ടു.

ആ മരണം മുസ്ലീം ലീഗുകാര്‍ ചവിട്ടി കൊന്നതാണ് എന്ന തരത്തിലാണ് നാട് നീളെ ഗവണ്‍മെന്റും, സി.പി.ഐ.എമ്മും അവരുടെ പോഷക സംഘടനകളും അധ്യാപക സംഘടനകളും പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തൊട്ടാകെ എന്‍.ജി.ഒക്കാരുടെ പണിമുടക്കും നടന്നു.

അതിന്റെ പേരില്‍ നിരപരാധികളായ നമ്മുടെ അഞ്ച് ആളുകളുടെ പേരില്‍ 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. അതുപോലെ നമ്മുടെ പത്ത് ആളുകളെയും പിന്നീട് നാലാളുകളെയും അങ്ങിനെ മൊത്തം പതിനാലാളുകളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കുകയുണ്ടായി.

നമ്മുടെ രണ്ടാളുകളെ സംഭവം നടന്ന ദിസവം രാത്രി പോലീസ് റെയ്ഡ് നടത്തി പിടിക്കുകയും പിന്നീട് മൂന്നാളെ നമ്മള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അങ്ങനെ അഞ്ചാളുകള്‍ കൊലക്കേസില്‍ പ്രതിയാവുകയും ഒരുമാസം ജയിലില്‍ കിടക്കുകയും ചെയ്തു.

ഇങ്ങനെയൊരു സംഭവം നടന്നുവെന്നത് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അദ്ദേഹം മുമ്പ് അസുഖമുള്ളയാളായിരുന്നു. അങ്ങനെ അദ്ദേഹം മരണപ്പെട്ടു. ഞാന്‍ അഴീക്കോട് നിന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ചെയ്യാത്ത സംഭവം കാണാത്ത സംഭവം അതിന് കമ്മ്യൂണിസ്റ്റ് കാരന്‍ സാക്ഷിപറയാന്‍ പോകരുതെന്ന്. ശങ്കരപണിക്കര്‍പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞിട്ടുണ്ട് അത് ഞാനിപ്പോഴും ആവര്‍ത്തിക്കുകയാണ്.

കിരിശേരിയിലെ അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് 302 പ്രകാരം പെട്ടത്. ഇവിടെ ആലിന്‍ചോട്ടിലുള്ളൊരു കമ്മ്യൂണിസ്റ്റ് കാരനുണ്ട് ഒരു മാര്‍ക്‌സിസ്റ്റ് മെമ്പര്‍ക്ക് കുട്ട്യാളെ പേര് കൊടുക്കുന്നത്. വളരെ കരുതി നിന്നോളീ. ലിസ്റ്റ് കൊടുക്കുന്ന പൂതി ഇതില് കഴിയും.

കാരണം പോലീസ് വന്ന് നായാട്ട് നടത്തി ഞങ്ങളെ കുട്ട്യാളെ എന്തെങ്കിലും ചെയ്താല്‍ ആദ്യം ഞങ്ങള് നിങ്ങളെയാണ് കൈകാര്യം ചെയ്യുക. അതുകഴിഞ്ഞിട്ടേ ബാക്കിയുള്ള കാര്യം ആലോചിക്കൂ. ‘ ഇനി മൂന്നാളെ തിരിച്ചറിയാന്‍ വേണ്ടി ഒരു വിജയന്‍ എന്നു പറഞ്ഞയാളുംകൂടി പേര് കൊടുത്തിട്ടുണ്ട്. ആ വിജയനും അധ്യാപകനാണ്. അധ്യാപകനോട് ഞാന്‍ പറയാം തിരിച്ച് നിങ്ങള് വീട്ടിലെത്തില്ലയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഏറനാട് നിയോജകമണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയൊരു തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ പ്രസിഡന്റ് എന്നനിലക്ക് ഞാന്‍ പറയുന്നത് ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരുകയാണെങ്കില്‍ ഇതിന് സാക്ഷിപറയാന്‍ ആരെങ്കിലും എത്തിയാല്‍ അവന്‍ ജീവനോടെ തിരിച്ചുപോകില്ലയെന്ന കാര്യം യാതൊരു സംശയവുമില്ല. നിങ്ങള് ചെയ്‌തോളീ ബാക്കി ഞാനേറ്റു നിങ്ങള് യാതോരു ബേജാറുമാവേണ്ട.

പോലീസ് കാരോട് ഒരു കാര്യം പറയാം. നിങ്ങള് രാത്രി രണ്ടരയ്ക്കും മൂന്നരയ്ക്കും വന്ന നടത്തുന്നൊരു റെയ്ഡുണ്ടല്ലോ ആ പരിപാടിയങ്ങ് നിര്‍ത്തിക്കോളണം. ഞങ്ങളുടെ സ്ത്രീകളും ഞങ്ങളുടെ കുട്ടികളും കൂടി നിങ്ങളെയങ്ങ് കൈകാര്യം ചെയ്യും. ‘ ഇതായിരുന്നു ബഷീറിന്റെ ആദ്യകൊലവിളി.