മലയാളി ഒന്നിക്കണമെങ്കില്‍ വെള്ളമടിക്കണം; ഇല്ലെങ്കില്‍ വെള്ളം കയറണം: വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്

single-img
13 September 2018

തിരുവനന്തപുരം: മനുഷ്യര്‍ തമ്മില്‍ ഒരുമിക്കണമെങ്കില്‍ ഒന്നുകില്‍ വെള്ളമടിക്കണം അല്ലെങ്കില്‍ വീട്ടില്‍ വെള്ളം കയറണമെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. പ്രളയ സമയത്ത് ഒരുമിച്ച് നിന്ന മലയാളികള്‍ വെള്ളമിറങ്ങിയപ്പോള്‍ തമ്മിലടി തുടങ്ങി. ഇതിനിടയില്‍ നിരവധി വി.ഐ.പികളുടെ പീഡന കഥകള്‍, രാഷ്ട്രീയക്കാരുടെ തമ്മിലടി, ചില അഴിമതി കഥകള്‍, ചെറിയ രാഷ്ട്രീയ സംഘട്ടനങ്ങള്‍ എന്നിവ മറു വശത്ത്.

എന്നാല്‍ പ്രളയ ബാധിതര്‍ എങ്ങനെ കഴിയുന്നു എന്നറിയാന്‍ കഴിഞ്ഞ മാസം ഒരു കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിച്ച പല മഹാന്മാര്‍ക്കും ഇപ്പോള്‍ സമയമില്ല. പാവപ്പെട്ട കൂലിപ്പണിക്കാരും, ഓട്ടോ ജോലി ചെയ്യുന്ന പലരും, സ്വയം ജോലി ചെയ്ത് ജീവിക്കുന്നവരും പട്ടിണിയിലാണെന്നും ഇക്കാര്യവും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മനുഷ്യര്‍ തമ്മില്‍ ഒരുമിക്കണമെങ്കില്‍ ഒന്നുകില്‍ വെള്ളമടിക്കണം അല്ലെങ്കില്‍ വെള്ളം കയറണം. രണ്ടായാലും വെള്ളം ഇറങ്ങിയാല്‍ ഉടനെ തമ്മിലടി ഉറപ്പാണ്. പ്രളയ സമയത്ത് അവിശ്വസനീയമായ ഒത്തുരമ കാണിച്ച പല മലയാളികളും നാലു ദിവസം കഴിഞ്ഞപ്പോഴെ തമ്മിലടി തുടങ്ങി.. തുടക്കം ഒരു 700 കോടി കഥയിലാണേ… ഇപ്പോള്‍ 1500 കോടിയുടെ നഷ്ടം വരുത്തി ഹര്‍ത്താലും ആലോഷിച്ചു.

ഇതിനിടയില്‍ നിരവധി വി.ഐ.പി. മാരുടെ പീഡന കഥകള്‍, രാഷ്ട്രീയക്കാരുടെ തമ്മിലടി, ചില അഴിമതി കഥകള്‍, ചെറിയ രാഷ്ട്രീയ സംഘട്ടനങ്ങള്‍ മറു വശത്ത്. ഇതിനിടയില്‍ പ്രളയവും, ഉരുള്‍ പൊട്ടലും അനുഭവിച്ചവരൊക്കെ ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നു എന്നറിയുവാന്‍ കഴിഞ്ഞ മാസം ഒരു കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിച്ച പല മഹാന്മാര്‍ക്കും സമയമില്ലാ.

പല ഭാഗങ്ങളിലും കിണറും പുഴയിലേയും, വെള്ളം താഴുന്നു . ചില ഇടത്ത് ഭൂചലനം ഉണ്ടാക്കുന്നു. സംസ്ഥാനത്ത് ശക്തമായ വരള്‍ച്ച ഉണ്ടായേക്കാം. പാവപ്പെട്ട കൂലിപ്പണിക്കാര്‍ക്കും, ഓട്ടോ ജോലി ചെയ്യുന്ന പലരും, സ്വയം ജോലി ചെയ്ത് ജീവിക്കുന്നവരും പട്ടിണിയിലാണ്. ഈ വിഷയങ്ങളും ചര്‍ച്ച ചെയ്യൂ….. ഞാനേതായാലും ഈ മാസം മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഉണ്ടാകും.