കരിമ്പ് കഴിച്ചാല്‍ പ്രമേഹമുണ്ടാകും; അതുകൊണ്ട് കരിമ്പ് കൃഷി ചെയ്യുന്നതിനു പകരം മറ്റെന്തെങ്കിലും കൃഷി ചെയ്യണം: കര്‍ഷകരോട് യോഗി ആദിത്യനാഥ്

single-img
12 September 2018

കരിമ്പ് കഴിച്ചാല്‍ പ്രമേഹമുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കരിമ്പ് സമൃദ്ധിയുടെ നാടായ ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പ് പ്രമേഹത്തിന് കാരണമാകും. അതുകൊണ്ട് കരിമ്പ് കൃഷി ചെയ്യുന്നതിനു പകരം മറ്റെന്തെങ്കിലും കൃഷി ചെയ്യാനായിരുന്നു സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ സന്ദേശം.

‘കര്‍ഷകര്‍ മറ്റെന്തെങ്കിലും കൃഷി ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കരിമ്പ് കൃഷിക്ക് പകരം പച്ചക്കറികള്‍ കൃഷി ചെയ്യണം. കരിമ്പ് അമിതമായി കൃഷി ചെയ്യുന്നത് അതിന്റെ ഉപഭോഗം കൂട്ടുകയും പ്രമേഹത്തിന് കാരണമാകുകയും ചെയ്യും’ – യോഗി ആദിത്യനാഥ് പറഞ്ഞു.

കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക പഞ്ചസാരമില്ലുകള്‍ ഉടന്‍ നല്‍കണം. ഒക്ടോബര്‍ 15നു മുമ്പ് കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക തീര്‍ക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഖൈറാന ഉപതെരഞ്ഞെടുപ്പില്‍ ആര്‍ എല്‍ ഡി സ്ഥാനാര്‍ത്ഥി ബിജെപി സ്ഥാനാര്‍ത്ഥിയെ 44, 000 വോട്ടുകള്‍ക്ക് ആയിരുന്നു പരാജയപ്പെടുത്തിയത്. കരിമ്പ് കര്‍ഷകരുടെ കുടിശിക കൊടുത്തു തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയത് ആയിരുന്നു ഇവിടെ പരാജയത്തിന് പ്രധാനകാരണം.

ഭാഗ്പതില്‍ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടതും ഇത് മുന്നില്‍ കണ്ടാണ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.