ഇന്ധനവില വര്‍ധനയുടെ പണം കൊണ്ട് എത്ര കക്കൂസുകള്‍ കെട്ടിക്കൊടുത്തു; എന്തു വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്?: പൊട്ടിത്തെറിച്ച് തോമസ് ഐസക്

single-img
12 September 2018

എണ്ണവില വര്‍ധനയുടെ മറവില്‍ ജനങ്ങളില്‍ നിന്ന് ഊറ്റിപ്പിഴിയുന്ന പണം എവിടേയ്ക്കാണ് പോകുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ പണം കൊണ്ട് ഇന്ത്യയില്‍ എന്തു വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും, എത്ര കക്കൂസുകള്‍ കെട്ടിക്കൊടുത്തുവെന്നും അദ്ദേഹം ചോദിച്ചു.

കാട്ടുകള്ളന്‍മാര്‍ ബാങ്കുകളില്‍ നിന്ന് തട്ടിച്ചുകൊണ്ടുപോയ ശതകോടികളുടെ നഷ്ടം നികത്താന്‍ സാധാരണക്കാരുടെ പോക്കറ്റില്‍ നിന്നും കേന്ദ്രം കുത്തിക്കവരുകയാണെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. ‘ലിറ്ററിന് രണ്ടു രൂപ കുറച്ചാല്‍ കേന്ദ്രസര്‍ക്കാരിന് വരുമാനം 30,000 കോടി കുറയുമത്രേ.

എണ്ണവില കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ വിശദീകരണമാണ്. അപ്പോള്‍ 10 രൂപ വര്‍ധനയിലൂടെ കേന്ദ്രം ഊറ്റിപ്പിഴിഞ്ഞ കോടികളെത്ര? ഏതാണ്ട് ഒന്നരലക്ഷം കോടി രൂപ. എണ്ണവില കുതിച്ചുയരുമ്പോള്‍ പ്രത്യാഘാതങ്ങള്‍ പലതാണ്.

വ്യവസായങ്ങളുടെ പ്രവര്‍ത്തനച്ചെലവ് ഉയരും. വിലക്കയറ്റം നിയന്ത്രണാതീതമാകും. സാധാരണക്കാരന്റെ ജീവിതഭാരം താങ്ങാനാവാത്തവിധം ഉയരും. ഇങ്ങനെ നിത്യജീവിതത്തില്‍ പ്രതിഫലിക്കുന്ന ധാരാളം പ്രശ്‌നങ്ങളാണ് ക്രമാതീതമായ ഈ വിലവര്‍ധന ഉണ്ടാക്കിവെയ്ക്കുന്നത്,’ ഐസക് പറഞ്ഞു.

ഈ വില വര്‍ധനയ്ക്ക് എന്തെങ്കിലും ന്യായമുണ്ടോ? കുറച്ചു കാലം മുമ്പുവരെ കക്കൂസ് തിയറിയാണ് പ്രചരിച്ചിരുന്നത്. നമ്മുടെ അല്‍ഫോണ്‍സ് കണ്ണന്താനം വരെ ആ സിദ്ധാന്തത്തിന്റെ പ്രചാരകരായിരുന്നു. എന്നിട്ടോ. ജനങ്ങളില്‍ നിന്ന് ഊറ്റിപ്പിഴിഞ്ഞ ഒന്നരലക്ഷം കോടി കൊണ്ട് ഇന്ത്യയില്‍ എന്തു വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്? ഈ പണം കൊണ്ട് എത്ര കക്കൂസുകള്‍ കെട്ടിക്കൊടുത്തു? എണ്ണവിലവര്‍ധനയുടെ മറവില്‍ ജനങ്ങളില്‍ നിന്ന് ഊറ്റിപ്പിഴിയുന്ന പണം എവിടേയ്ക്കാണ് പോകുന്നത്? വികസനപ്രവര്‍ത്തനങ്ങള്‍ക്കല്ലെന്ന് ഉറപ്പ്. അങ്ങനെയാണെങ്കില്‍ നമ്മുടെ കണ്‍വെട്ടത്ത് കാണണം.

ഉത്തരേന്ത്യ തന്നെ ഉദാഹരണമായി എടുക്കൂ. ആശുപത്രികളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനോ വിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ സമാനമായ സൗകര്യങ്ങള്‍ ഏറ്റവും പാവപ്പെട്ടവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നതില്‍ എത്രകണ്ട് കേന്ദ്രസര്‍ക്കാരിന്റെ ചെലവ് വര്‍ധിച്ചിട്ടുണ്ട്? ഒന്നും സംഭവിച്ചിട്ടില്ല.

പിന്നെങ്ങോട്ടാണ് ഈ പണം ഒഴുകുന്നത്? നിസംശയം പറയാം, ബാങ്കുകളുടെ കിട്ടാക്കടം നികത്താനാണ്. അതായത്, കാട്ടുകള്ളന്‍മാര്‍ ബാങ്കുകളില്‍ നിന്ന് തട്ടിച്ചുകൊണ്ടുപോയ ശതകോടികളുടെ നഷ്ടം നികത്താന്‍ സാധാരണക്കാരുടെ പോക്കറ്റില്‍ നിന്നും കുത്തിക്കവരുന്നു. ഇതാണ് ബിജെപിയുടെ തനിസ്വഭാവം, ഐസക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.