പാകിസ്താനില്‍ മിന്നലാക്രമണം നടത്തുമ്പോള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് സഹായമായത് പുലിമൂത്രം: ലഫ്. ജനറല്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍

single-img
12 September 2018

2016ല്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ സൈനികര്‍ക്ക് സഹായമായത് പുലിമൂത്രമായിരുന്നുവെന്ന് മിന്നലാക്രമണത്തില്‍ പങ്കെടുത്ത മുതിര്‍ന്ന സൈനികന്‍ ലഫ്. ജനറല്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍. മിന്നലാക്രമണത്തില്‍ നിമ്പോര്‍ക്കറുടെ സംഭാവനകള്‍ പരിഗണിച്ച് നല്‍കിയ ബാജിറാവു പേഷ്വാ ശൗര്യ പുരസ്‌കാരം സ്വീകരിച്ച് പൂണെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ശത്രുവിന്റെ പാളയത്തില്‍ ഭീഷണിയായ നായകളെ വിരട്ടാനാണ് സൈനികര്‍ പുലിമൂത്രവും മലവും ഉപയോഗിച്ചതെന്ന് രാജേന്ദ്ര പറഞ്ഞു. പാക് അതിര്‍ത്തിയിലെ നൗഷേര സെക്ടറില്‍ ബ്രിഗേഡ് കമാന്‍ഡറായിരുന്ന നിമ്പോര്‍ക്കര്‍ പ്രദേശത്തെ ജൈവവ്യവസ്ഥയേപ്പറ്റി പ്രത്യേകം പഠിച്ചിരുന്നുവെന്ന് വ്യക്തമാക്കി.

രാത്രികാലങ്ങളില്‍ പുലി നായകളെ ആക്രമിക്കുമായിരുന്നതിനാല്‍ അവ പുലിയിറങ്ങുന്ന സ്ഥലങ്ങളിലേക്ക് വരുമായിരുന്നില്ല എന്ന് നിമ്പോര്‍ക്കര്‍ പറയുന്നു. ‘മിന്നലാക്രമണം നടത്തുമ്പോള്‍ പാക് അതിര്‍ത്തിക്കുള്ളില്‍ നായകളുടെ സാന്നിധ്യം ഞങ്ങള്‍ മനസിലാക്കിയിരുന്നു.

ഇത് പ്രതിരോധിക്കാന്‍ ഞങ്ങള്‍ പുലിയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കൈയില്‍ കരുതുകയും പ്രദേശത്ത് വിതറുകയും ചെയ്തു. ഇത് വലിയൊരു വിജയമായിരുന്നു.’ നിമ്പോര്‍ക്കര്‍ വ്യക്തമാക്കി.