ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച; രൂപയുടെ വിനിമയമൂല്യം 72.92ലേയ്ക്ക് കൂപ്പുകുത്തി

single-img
12 September 2018

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി രൂപ. ഡോളറിന് 72.91 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്നലെത്തേതിനെക്കാളും 22 പൈസയാണ് ഇന്നു കുറഞ്ഞത്. വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നതാണ് പ്രധാന കാരണം.

ചൊവാഴ്ച മാത്രം 1454 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്. വികസ്വര വിപണിയിലെ കറന്‍സികള്‍ വിറ്റൊഴിഞ്ഞ് കൂടുതല്‍ സുരക്ഷിതമായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ മാറുന്നതും രൂപയെ ബാധിച്ചു. രാജ്യത്തിന് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതിചെയ്യുകയാണ്.

അതുകൊണ്ടുതന്നെ കറന്റ് അക്കൗണ്ട് കമ്മി അഞ്ച് വര്‍ഷത്തെ ഉയരത്തിലാണ്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു രൂപ ഇടിഞ്ഞിരുന്നെങ്കിലും സന്ധ്യയോടെ നില മെച്ചപ്പെടുത്തി 72.69ല്‍ എത്തിയിരുന്നു. അതേസമയം, വ്യാപാര ആരംഭത്തില്‍ സെന്‍സെക്‌സ് 133.29 പോയിന്റുയര്‍ന്ന് 37,546.42ലും നിഫ്റ്റി 6.65 പോയിന്റ് 11,271.80ലും എത്തി.