ബാങ്കുകളുടെ വന്‍ തട്ടിപ്പുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍

single-img
12 September 2018

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട വന്‍ തട്ടിപ്പുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ (പി.എം.ഒ.) നേരത്തേ അറിയിച്ചിരുന്നതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് സമിതിക്കയച്ച റിപ്പോര്‍ട്ടിലാണ് രാജന്‍ ഇക്കാര്യം പറയുന്നത്.

തട്ടിപ്പുകേസുകള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ ഒരു സമിതി രൂപവത്കരിച്ചെന്നും അതിന്റെ ഭാഗമായാണ് പി.എം.ഒ.യ്ക്ക് ഈ വിവരം നല്‍കിയതെന്നും രാജന്‍ വിശദമാക്കി. ‘അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരം വിവരം നല്‍കുന്നതിനുവേണ്ടിയായിരുന്നു സമിതി.

വന്‍ തട്ടിപ്പുകളുടെ പട്ടിക ഞാന്‍ പി.എം.ഒ.യ്ക്കും നല്‍കി. ഒന്നോ രണ്ടോ പേര്‍ക്കെതിരേ കേസെടുക്കണമെന്നും അതില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പിന്നീടതിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചില്ല’റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ തട്ടിപ്പു നടത്തിയ ഒരാളുടെ പേരില്‍പ്പോലും കേസെടുക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് ഇതു സംഭവിച്ചതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ അവസാനകാലത്തും എന്‍.ഡി.എ. സര്‍ക്കാരിന്റെ തുടക്കത്തിലും (2013 സെപ്റ്റംബര്‍ നാല്2016 സെപ്റ്റംബര്‍ നാല്) അദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു.

എന്നാല്‍, രഘുറാം രാജന്റെ ആരോപണം കോണ്‍ഗ്രസ് രാഷ്ട്രീയായുധമാക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയുമാണ് രാജന്‍ ഉദ്ദേശിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. എന്തുകൊണ്ടാണ് മോദി തട്ടിപ്പുകാര്‍ക്കെതിരേ നടപടിയെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

യു.പി.എ. സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ 2.83 ലക്ഷം കോടി രൂപയായിരുന്നു നിഷ്‌ക്രിയ ആസ്തി. എന്നാല്‍ ഇന്നത് 12 ലക്ഷം കോടി രൂപയായെന്നും സുര്‍ജേവാല ആരോപിച്ചു. 17,500 കോടി രൂപയുടെ വായ്പത്തട്ടിപ്പുകളില്‍ നടപടിയെടുക്കണമെന്ന് രാജന്‍ 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചിരുന്നതായി അന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.