‘’റാഫേൽ വിമാന ഇടപാട് അഴിമതിയില്‍ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്ക്’’; തെളിവുകള്‍ നിരത്തി നേതാക്കൾ

single-img
12 September 2018

റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് മുൻ ബി.ജെ.പി. നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നിക്ഷിപ്ത താത്പര്യത്തിന്റെപേരിൽ നിലവിലുള്ള കരാർ മാറ്റി പ്രധാനമന്ത്രി തിടുക്കത്തിൽ പുതിയ കരാറുണ്ടാക്കുകയായിരുന്നു.

പ്രതിരോധ ഇടപാടുകളിൽ വാങ്ങുന്ന സാധനങ്ങളുടെ എണ്ണം, പ്രത്യേകതകൾ, ഇനം തുടങ്ങിയവയിൽ തീരുമാനമെടുക്കേണ്ടത് ഡിഫെൻസ് സ്പെസിഫിക്കേഷൻ കമ്മറ്റിയും, ഡിഫെൻസ് അക്ക്വിസിഷൻ കൗണ്‍സിലുമാണ്. ഇവരെ മറികടന്നാണ് റാഫേലിൽ യു.പി.എ സർക്കാരിന്റെ കരാർ റദ്ദാക്കി പുതിയ കരാറുണ്ടാക്കിയത്.

മുൻ കരാർ പ്രകാരം 126 വിമാനങ്ങൾ ആയിരുന്നു വാങ്ങേണ്ടിയിരുന്നത്. സ്പെസിഫിക്കേഷൻ കമ്മിറ്റിയെയും അക്ക്വിസിഷൻ കൗൺസിലിനെയും അറിയിക്കുക പോലും ചെയ്യാതെ 36 വിമാനങ്ങൾ മാത്രം വാങ്ങാൻ പ്രധാനമന്ത്രി തീരുമാനമെടുക്കുകയായിരുന്നു. ഇത്തരത്തിൽ അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തിൽ ഇടപെട്ടത് അഴിമതിയിൽ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നതിനു ഉദാഹരണം ആണ്. ഇത് മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാരും റിലയൻസും കള്ളങ്ങൾ പ്രചരിപ്പിക്കുന്നതെന്നും യശ്വന്ത് സിൻഹയും അരുൺ ഷൂറിയും പ്രശാന്ത് ഭൂഷണും ആരോപിച്ചു.

ഇടപാട് രഹസ്യമാണ് എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. 2016 നവംബറിൽ പ്രതിരോധ സഹമന്ത്രി പാര്‍ലമെന്റിൽ റാഫേൽ വാങ്ങിക്കാൻ തീരുമാനമായി എന്നും ഒരു വിമാനത്തിന് 670 കോടി രൂപ ആണെന്നും പറഞ്ഞത് എങ്ങനെയാണ്. വിമാനത്തിന്റെ വില പിന്നീട് 1670 കോടി ആയതെങ്ങനെയാണ്. റിലയൻസ് ഡെസാൾട്ടിന്റെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റിലും വില പറഞ്ഞിട്ടുണ്ട്. പിന്നെയെന്ത് രഹസ്യ കരാറെന്നും അദ്ദേഹം ചോദിച്ചു.

വെറും രണ്ടുദിവസത്തിനകമാണ് നിലവിലുള്ള കരാർ മാറ്റി പ്രധാനമന്ത്രി പുതിയതിൽ ഏർപ്പെട്ടത്. വ്യോമസേനയുടെ ആവശ്യങ്ങൾ കണക്കിലെടുക്കാതെയും സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള അവസരം എച്ച്.എ.എല്ലിന് നിഷേധിച്ചുമായിരുന്നു കരാർ. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി അനുസരിച്ച് ഇന്ത്യയിൽത്തന്നെ വിമാനം നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറാമെന്ന് ആദ്യകരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. അവസാന നിമിഷംവരെ പുതിയ ഇടപാടുകളുടെ വിശദാംശങ്ങൾ അറിയിക്കാതെ പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളെയും വ്യോമസേനയെയും പ്രധാനമന്ത്രി ഇരുട്ടിൽ നിർത്തി -നേതാക്കൾ ആരോപിച്ചു.

രാജ്യംകണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫാൽ ഇടപാടെന്ന് അരുൺ ഷൂരി ആരോപിച്ചു. പ്രതിരോധമേഖലയിൽ മുൻ പരിചയമില്ലാത്ത റിലയൻസ് കമ്പനിയെ വഴിവിട്ട്‌ സഹായിക്കുന്നതിനാണ് പുതിയ കരാറുണ്ടാക്കിയത്. റിലയൻസ്-ദസോൾട്ട് എയ്‌റോസ്‌പേസ് എന്ന സംയുക്ത സംരംഭത്തിന് റഫാൽ ഇടപാട് നൽകിയത് അംബാനി മോദിക്കുനൽകിയ സേവനത്തിനുള്ള കമ്മിഷൻ എന്ന നിലയിലാണ്. ഈ ഇടപാടിൽ റിലയൻസ് വെറും ഇടനിലക്കാരാണ് -ഷൂരി പറഞ്ഞു.