പറഞ്ഞത് തെറ്റായി പോയി; കന്യാസ്ത്രീകള്‍ക്കെതിരെ മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നുവെന്ന് പി.സി ജോര്‍ജ്

single-img
12 September 2018

ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷേ താന്‍ അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല. അവര്‍ക്കെതിരെ കോട്ടയം പ്രസ് ക്ലബില്‍ വച്ച് നടത്തിയ ‘വേശ്യ’ എന്ന പദപ്രയോഗം തെറ്റായിപ്പോയി. അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു.

ആ പരാമര്‍ശത്തില്‍ നിന്നുളവാകുന്ന വേദന താന്‍ മനസ്സിലാക്കുന്നു. അതേസമയം, ഈ പരാമര്‍ശം ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും മുമ്പ് പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്. ജലന്ധര്‍ ബിഷപ്പിന്റെ കൈയില്‍ പണം വാങ്ങിയാണ് പി.സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയെന്ന കന്യാസ്ത്രീയുടെ ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.

താന്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. തനിക്കതിരെ തെറ്റായ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെരുവില്‍ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ അപമാനിച്ച് പി.സി ജോര്‍ജ് നടത്തിയ പ്രസ്താവന വ്യാപക വിമര്‍ശനത്തിന് കാരണമായി മാറിയിരുന്നു.

രണ്ടു ദിവസമായി പി.സി ജോര്‍ജിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് വായ് മൂടെടാ പി സി കാമ്പയിനുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു കഴിഞ്ഞ ദിവസം കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.സി ജോര്‍ജ്, കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമെന്നും പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തു കൊണ്ടാണെന്നുമായിരുന്നു പിസി ജോര്‍ജ്ജിന്റെ ചോദ്യം. പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീ തിരുവസ്ത്രം അണിയാന്‍ യോഗ്യയല്ലെന്നും പീഡനം നടന്നദിവസം തന്നെ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടെന്നും പിസി പറഞ്ഞു.

പീഡനത്തിന് ഇരയായ കന്യാസ്ത്രീമാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ബിഷപ്പിനെതിരെയുള്ള അവരുടെ ആരോപണങ്ങള്‍ ശരിയാണോയെന്ന് ഉറപ്പ് വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസിന് വേറെ പണിയില്ലാത്തതു കൊണ്ടാണ് കന്യാസ്ത്രീമാരുടെ പരാതിയില്‍ ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നതെന്നും പി സി ആരോപിച്ചിരുന്നു.