മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ എത്തുന്നു

single-img
12 September 2018

മക്കയേയും മദീനയേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ ഉദ്ഘാടനത്തിന് തയ്യാറായി. 450 കിലോമീറ്റര്‍ നീളമുള്ള അല്‍ ഹറമൈന്‍ റെയില്‍ സര്‍വ്വീസ് ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സൗദി ഗതാഗത മന്ത്രി അറിയിച്ചു. പുണ്യ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് 120 മിനിറ്റുകള്‍ മാത്രമാണ് ഇനി ആവശ്യമായി വരിക.

ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ഫസ്റ്റ് ക്ലാസ് യാത്രാ ആനുഭവം സമ്മാനിക്കുന്നതിന് പുറമേ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കുന്നിനും പദ്ധതി സഹായകമാവുമെന്നാണ് പ്രതീക്ഷ. സ്റ്റേഷനുകളുടെ പരിശോധനയും മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രാക്കുകളുടെ പരിശോധനയും പൂര്‍ത്തിയായി.

റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന സൗദി ലാന്റ് ബ്രിഡ്ജ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി പറഞ്ഞു. റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന റെയില്‍ ലിങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ യാത്രാ ദൂരം ആറ് മണിക്കൂറായി കുറയും.

നിലവില്‍ ബസില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ സമയമെടുക്കുന്ന യാത്രയാണിത്. മണലും കടുത്ത ചൂടും പോലുള്ള സാഹചര്യങ്ങളെ അതിജീവിക്കാന്‍ പോളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഗണുകളാണ് അല്‍ ഹറമൈന്‍ സര്‍വ്വീസില്‍ ഉപയോഗിക്കുന്നത്.