ബിഷപ്പിനെ ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി ജയരാജന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളിപ്പറഞ്ഞ് ലത്തീന്‍ സഭ

single-img
12 September 2018

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ബിഷപ്പിനെതിരായ പരാതിയില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇരയോടൊപ്പമാണ്. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ഒരു തരത്തിലും ദു:ഖിക്കേണ്ടതില്ല. പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്കാണ് ലഭിച്ചത്. അത് പൊലീസിന് കൈമാറേണ്ട കാര്യമില്ല. പൊലീസിന് നല്‍കാനുള്ള പരാതി പൊലീസിന് നല്‍കണമെന്നും ജയരാജന്‍ പറഞ്ഞു.

അതിനിടെ, കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ തള്ളി ലത്തീന്‍ സഭ. ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെതന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

വ്യക്തിപരമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്‌ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തില്‍ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാവിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ലത്തീന്‍ സഭാ വാക്താവ് ഷാജി ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സഭാ പിതാവെന്ന നിലയില്‍ ഫ്രാങ്കോ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മിക ബോധവും നീതിബോധവും വിശ്വാസസ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. തികച്ചും വ്യക്തിപരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അത്തരം ആരോപണങ്ങളുണ്ടാകുമ്പോള്‍ ഉന്നതസ്ഥാനീയര്‍ പുലര്‍ത്തേണ്ട ധാര്‍മിക നടപടികളാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്.

രാജിവെക്കാന്‍ ആഗ്രിഹിച്ചിരുന്നുവെന്ന ഫ്രാങ്കോയുടെ പ്രസ്താവന നേരത്തെ തന്നെ ഉണ്ടാകേണ്ടതായിരുന്നു. സഭാ വിശ്വാസികള്‍ക്ക് അപമാനവും ഇടര്‍ച്ചയുമുണ്ടാകുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതില്‍ സഭയെ എതിര്‍ക്കുന്നവരുടെ ഗൂഢാലോചനയുമുണ്ടാകാം എന്നാല്‍ അതൊന്നും സംഭവിക്കാതിരിക്കാന്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കില്‍ പൊതുസമൂഹത്തില്‍ ഫ്രാങ്കോ അംഗീകരിക്കപ്പെടുമായിരുന്നുവെന്നും ഷാജി ജോര്‍ജ് പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.