പുതിയ കാറെന്നും പറഞ്ഞ് ടാറ്റ വിറ്റത് പഴയ കാര്‍; പിഴ ചുമത്തി കോടതി

single-img
12 September 2018

2015 ഫെബ്രുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം. പഞ്ച്കുള സ്വദേശി അതുല്‍ കുമാര്‍ അഗര്‍വാള്‍ എന്നയാള്‍ ബനാര്‍സി ദാസ് ഓട്ടോമൊബൈല്‍സില്‍ നിന്നാണ് പുതിയ ടാറ്റ കാര്‍ വാങ്ങിയത്. പുതുമ നഷ്ടമാകുന്നതിനു മുന്‍പേ തന്നെ പ്രശ്‌നങ്ങളുടെ കൂമ്പാരമായി കാറില്‍.

പുതിയ കാറായിട്ടും രാവിലെ എഞ്ചിന്‍ സ്റ്റാര്‍ട്ടാകില്ലെന്നതായിരുന്നു പ്രധാന തകരാര്‍. എഞ്ചിന്‍ ചൂടായി തുടങ്ങുന്നതോടുകൂടി പുകക്കുഴലില്‍ നിന്നും കരിമ്പുക ധാരാളമായി പുറന്തള്ളപ്പെട്ടു. കാര്യം നിസാരമല്ലെന്ന് തിരിച്ചറിഞ്ഞ അതുല്‍ കുമാര്‍ കാറുമായി ഛണ്ഡീഗഢിലെ ബെര്‍ക്കെലി ടാറ്റ മോട്ടോര്‍സിലെത്തി.

പ്രശ്‌നങ്ങള്‍ സര്‍വീസ് സെന്റര്‍ അധികൃതരെ അറിയിച്ചു. വിദഗ്ധ പരിശോന നടത്തിയിട്ടും കാറിനെന്താണ് പറ്റിയതെന്ന് ഇവര്‍ക്കാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കാര്‍ ശരിയാക്കാന്‍ യാതൊരുവിധ വഴിയില്ലാതായതോടുകൂടിയാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കാന്‍ അതുല്‍ കുമാര്‍ തീരുമാനിച്ചത്.

അതുല്‍ കുമാറിന്റെ പരാതിയില്‍ ജില്ലാ ഉപഭോക്തൃ കോടതി ഇടപെട്ട് ഛണ്ഡീഗഢ് PEC സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറില്‍ പരിശോധന നടന്നു. ടര്‍ബ്ബോ ചാര്‍ജ്ജര്‍, ഇഞ്ചക്ടര്‍, ഇന്ധനലൈന്‍ എന്നിവ മാറ്റി സ്ഥാപിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തി.

എഞ്ചിന്‍ സ്റ്റാര്‍ട്ടാകാന്‍ നന്നെ ബുദ്ധിമുട്ടുന്നതും, കാറില്‍ നിന്നും കരിമ്പുക ഉയരുന്നതും പരാതിക്കാരന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ശരിയാണെന്ന് കമ്മിറ്റിക്ക് ബോധ്യമായി. ഇതിനെത്തുടര്‍ന്ന് ഉപഭോക്തൃ ഫോറം നടത്തിയ അന്വേഷണത്തില്‍ അപകടത്തില്‍പ്പെട്ട കാറാണ് പുതിയതെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റതെന്ന് പുറത്തുവന്നത്.

അപകടത്തില്‍പ്പെട്ട കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുതിയതെന്ന പേരില്‍ അതുല്‍ കുമാറിന് ബനാര്‍സി ദാസ് ഓട്ടോമൊബൈല്‍സ് വില്‍ക്കുകയായിരുന്നു. സംഭവം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിന് ബെര്‍ക്കെലി ടാറ്റ മോട്ടോര്‍സ് സര്‍വീസ് ഡീലറെയും അധാര്‍മ്മികമായ കച്ചവടത്തില്‍ ഏര്‍പ്പെട്ടതിന് നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സിനെയും ഉപഭോക്തൃ ഫോറം കുറ്റക്കാരെന്ന് കണ്ടെത്തി.

ഇതോടുകൂടി അംബാലയിലെ മെട്രോ മോട്ടോര്‍സ്, ഛണ്ഡീഗഢിലെ ബെര്‍ക്കെലി ടാറ്റ മോട്ടോര്‍സ്, പഞ്ച്കുള ബനാര്‍സി ദാസ് ഓട്ടോമൊബൈല്‍സ്, ടാറ്റ മോട്ടോര്‍സ് മുംബൈ എന്നിവരെ കോടതി പ്രതിചേര്‍ത്തു. ഒന്നുകില്‍ കാറിന്റെ വില പൂര്‍ണ്ണമായും തിരിച്ചുകൊടുക്കണം.

അല്ലെങ്കില്‍ പുതിയ കാര്‍ മാറ്റി നല്‍കണം, ഇതിനുപുറമെ ഒരുലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനും കോടതി കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കി. 2015 ഫെബ്രുവരി പത്തിന് കാറ് വാങ്ങുബോള്‍ 3.61 ലക്ഷം രൂപയായിരുന്നു വില.