ബൈബിള്‍ തൊട്ട് പറയാം, താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല: നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

single-img
12 September 2018

കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ താന്‍ നിരപരാധിയാണെന്ന് ജലന്ദര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. തനിക്കെതിരെ കന്യാസ്ത്രീ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ രാജിയെ കുറിച്ച് ആലോചിച്ചതാണ്. എന്നാല്‍, ഇപ്പോള്‍ രാജിവച്ചാല്‍ അത് തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് സഹബിഷപ്പുമാര്‍ ഉപദേശിച്ചു.

അവരുടെ വാക്കുകള്‍ക്ക് വില കല്‍പിച്ചാണ് രാജി തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്ന് ബിഷപ്പ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. സഭയെ എതിര്‍ക്കുന്നവരാണ് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍. മിഷണറീസ് ഒഫ് ജീസസ് സിസ്റ്റേഴ്‌സില്‍ കന്യാസ്ത്രീയ്‌ക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.

തന്നെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്ന് അവസാന അഭയമെന്ന നിലയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി കന്യാസ്ത്രീകള്‍ ഇറങ്ങിയിരിക്കുകയാണ്. പരാതിക്കാരിക്കൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകള്‍ കേരളത്തില്‍ താമസിക്കുന്നത് സഭയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ്.

താന്‍ നിരപരാധിയാണ്. എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതവും തെറ്റുമാണ്. ഇത് കെട്ടിച്ചമച്ചതാണ്. ഞാന്‍ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് ബൈബിള്‍ തൊട്ട് പറയാന്‍ കഴിയുമെന്നും ബിഷപ്പ് പറഞ്ഞു. തനിക്കെതിരായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്യപ്പെടാനും ജയിലില്‍ പോകാനും തയ്യാറാണെന്നും ഫ്രാങ്കോ വ്യക്തമാക്കി.

”ഞാന്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ എനിക്ക് മരണ ശിക്ഷ വിധിച്ചോളു. നിയപരമായി ഒരു സ്ത്രീയുടെ മൊഴി നൂറു ശതമാനവും തെളിവാണ്. അറസ്റ്റ് സംഭവിക്കുന്നത് പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ്. തെളിവുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടേ. തെറ്റ് കാരനെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കട്ടേ ” ബിഷപ്പ് പ്രതികരിച്ചു

താന്‍ അവിടെ ഉണ്ടായിരുന്നുവെന്നത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പീഡനം നടന്നുവെന്ന് ഉറപ്പിക്കാനാകൂ. ഇതിന് പൊലീസിന് റെജിസ്റ്റര്‍ ബുക്ക് പരിശോധിക്കാം. റെജിസ്റ്റര്‍ ബുക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത്.

2014 മെയ് 5 ലെ റെജിസ്റ്റര്‍ ബുക്ക് പ്രകാരം രണ്ട് സിസ്റ്റര്‍മാര്‍ ഒരു പരിപാടിയ്ക്ക് പുറത്ത് പോകുകയും തനിക്കൊപ്പം തിരിച്ചുവന്നുവെന്നുമാണ് പറയുന്നത്. അല്ലാതെ താന്‍ അവിടെ താമസിച്ചുവെന്ന് പറയുന്നില്ല. കാരണം താന്‍ അവിടെ താമസിച്ചിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു. താന്‍ എട്ടോ ഒമ്പതോ തവണ രാത്രി അവിടെ താമസിച്ചിട്ടുണ്ട്. എന്നാല്‍ 13 തവണ എന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. അതില്‍ തന്നെ വൈരുദ്ധ്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

201416 കാലഘട്ടത്തില്‍ ബിഷപ്പ് ഫ്രാങ്കോ തന്നെ 13 വട്ടം ലൈംഗിക ചൂഷണം ചെയ്തു എന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഉള്‍പ്പെടെ നിരവധി പേരുടെ മൊഴി എടുക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. അതിനിടെ കന്യാസ്ത്രീയുടെ പരാതിയിന്മേല്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നാളെ ഇതിന് മറുപടി നല്‍കണം.