കോഴിക്കോട് പതിനാലുകാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവം: അമ്മ അറസ്റ്റില്‍

single-img
12 September 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതായുള്ള പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മയെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. വാണിമേല്‍ പുതുക്കയത്തെ താമസക്കാരിയായ യുവതിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റ് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പതിനാലുകാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തും മാതാവ് അനാശാസ്യത്തിനായി എത്തിക്കുകയായിരുന്നു എന്നാണ് പരാതി. അഞ്ച് മാസം മുമ്പാണ് സംഭവത്തിന്റെ തുടക്കം. ചോമ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയെ മലപ്പുറത്തേക്ക് വിവാഹം ചെയ്തതായിരുന്നു.

ഇതില്‍ മൂന്ന് മക്കളുണ്ട്. പിന്നീട് ഭര്‍ത്താവ് ബന്ധം വേര്‍പെടുത്തി. ഇതിനു ശേഷം യുവതി ജില്ലയിലെ പല ഭാഗങ്ങളിലായി വാടകക്ക് താമസിച്ചു വരികയായിരുന്നു. മാതാവിനൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടി അടുത്തിടെ പിതാവിന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

വിവരമറിഞ്ഞ പിതാവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചിട്ടുള്ളത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തിട്ടുണ്ട്.

ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മറ്റു പ്രതികള്‍ക്കെതിരെ ബലാത്സംഗ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം, പോസ്‌കോ നിയമം, ബാലനീതി നിയമം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.