അസം പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരെ നാടുകടത്തുമെന്ന് രാം മാധവ്

single-img
11 September 2018

അസം പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരെ ഇന്ത്യയില്‍നിന്നു നാടുകടത്തുമെന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു രാം മാധവിന്റെ പരാമര്‍ശം. ദേശീയ പൗരത്വ പട്ടിക നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കും.

അടുത്ത ഘട്ടത്തില്‍ പട്ടികയില്‍നിന്നു പുറത്താകുന്നവരെ വോട്ടര്‍ പട്ടികയില്‍നിന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍നിന്നും അകറ്റിനിര്‍ത്തും. പിന്നീട് അവരെ നാടുകടത്തുമെന്നും രാം മാധവ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന ബിജെപി സര്‍ക്കാരിന്റെ വാഗ്ദാനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളും ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കണം. ഇത് എല്ലാ ഇന്ത്യക്കാരെയും സംരക്ഷിക്കാന്‍ കഴിയുന്ന ഒരു രേഖയാണ്. ആസാമില്‍ പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്കു മറ്റു സംസ്ഥാനങ്ങളിലേക്കു പോകാന്‍ കഴിയും. അതിനാല്‍ ഇതിനെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.