അവരെന്നാ എന്റെ മൂക്ക് ചെത്തുമോ?; യാത്രാപ്പടി തന്നാല്‍ വരാം; അല്ലെങ്കില്‍ കേരളത്തില്‍ വരൂ: വനിത കമ്മീഷനോട് പി.സി.ജോര്‍ജ്

single-img
11 September 2018

കന്യാസ്ത്രീയ്ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ വിഷയത്തില്‍ നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയോട് യാത്രാ ബത്ത നല്‍കിയാല്‍ ഹാജരാകാമെന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ. അല്ലെങ്കില്‍ കമ്മീഷന്‍ കേരളത്തില്‍ വരട്ടെയെന്നും ജോര്‍ജ് പറഞ്ഞു.

ദേശീയ വനിതാ കമ്മീഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? ഇതായിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം. അതേസമയം, വനിതാ കമ്മിഷന്‍ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങള്‍ വിശദീകരിക്കുന്നു.

കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്. സിവില്‍ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട്. ബത്ത അനുവദിക്കുന്ന രീതി കമ്മിഷനില്ല. നിര്‍ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാര്‍ട്ടി ഭാരവാഹിയുമായതിനാല്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മിഷനു കടക്കാം.

കന്യാസ്ത്രീകളെ അപമാനിച്ച പി.സി.ജോര്‍ജ് എംഎല്‍എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. 20നു കമ്മിഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അപമാനകരമായ പരാമര്‍ശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മിഷന്‍, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു.

ജലന്തര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കേരള പൊലീസും പഞ്ചാബ് സര്‍ക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയതായും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.