സൗദിയില്‍ മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

single-img
11 September 2018

സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ഇതോടെ മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് സൗദിയില്‍ ജോലി നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍, ജനുവരി മാസങ്ങളോടെ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ജോലി നഷ്ടമാവുന്നവരുടെ എണ്ണം പ്രവചനാതീതമാകുമെന്നാണ് വിലയിരുത്തല്‍.

29 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളതെന്നാണ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ പത്തു ലക്ഷത്തിലേറെ പേര്‍ മലയാളികളാണ്. ഇവരില്‍ 75 ശതമാനത്തിലേറെ പേര്‍ ചെറുകിട സ്ഥാപനങ്ങളിലും വീടുകളിലുമാണ് ജോലി ചെയ്തുവരുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ 70 ശതമാനം പേര്‍ക്കും ജോലി നഷ്ടപ്പെടുമെന്നിരിക്കെ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളികളെയായിരിക്കും.

ഓട്ടോമൊബൈല്‍, ബൈക്ക് ഷോറൂം, വസ്ത്രം, ഫര്‍ണീച്ചര്‍, വീട്ടുസാധന വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഇപ്പോള്‍ ആദ്യഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നത്. ലോഡിങ്, ക്ലീനിങ് തുടങ്ങിയ നാമമാത്ര ജോലികളിലൊഴികെ പൂര്‍ണമായും സ്വദേശികളെ നിയോഗിക്കണമെന്നാണ് നിയമം.

നിയമം ലംഘിച്ച് ജോലിയില്‍ തുടര്‍ന്നാല്‍ 20,000 റിയാല്‍ വരെ പിഴയും മറ്റ് നടപടികളും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്.
സ്വദേശിവത്കരണ പദ്ധതി വിജയിപ്പിക്കേണ്ടതിനാല്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നത്. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആയിരങ്ങള്‍ ഇതിനകം പ്രവാസം മതിയാക്കി നാട്ടിലെത്തി.

പലരും താമസരേഖയുടെ കാലാവധി തീര്‍ന്നാലുടന്‍ നാട്ടിലെത്താനുള്ള ഒരുക്കത്തിലുമാണ്. അതേസമയം, വാച്ച്, കണ്ണട, ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പനയും സേവനവും മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറികള്‍, വാഹന സ്‌പെയര്‍പാര്‍ട്‌സ്, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പറ്റ് തുടങ്ങിയ കച്ചവടങ്ങളും ജനുവരിയോടെ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് വഴിമാറും.

അതേസമയം മെഡിക്കല്‍, എന്‍ജിനീയറിങ്, ലോ, ഓഡിറ്റിങ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലേക്ക് നാളെ മുതല്‍ പ്രഫഷന്‍ മാറാം. ശക്തമായ നിതാഖാതിനിടയിലും ഈ രംഗത്ത് യോഗ്യതയും പരിചയവുമുള്ളവര്‍ക്ക് ജോലി മാറ്റത്തിലൂടെ താല്‍ക്കാലികമായി പിടിച്ചുനില്‍ക്കാം.

പ്രഫഷന്‍മാറ്റം ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികള്‍ അപേക്ഷ ബന്ധപ്പെട്ട സ്‌പോണ്‍സറോ കമ്പനിയോ മുഖേന സമര്‍പ്പിക്കണം. തൊഴിലുടമയുടെ മുഖീം (പോര്‍ട്ടലിന്റെ പേര്) വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. അപേക്ഷ സ്വീകരിച്ചശേഷം തൊഴില്‍ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വിപണിയിലെ ആവശ്യം പരിഗണിച്ചു മാത്രമേ ആഭ്യന്തര മന്ത്രാലയം പ്രഫഷന്‍ മാറ്റത്തിന് അന്തിമ അംഗീകാരം നല്‍കൂ.