സ്വര്‍ണം തട്ടിയെടുക്കാന്‍ നവവധുവിനെ അയല്‍വാസികളായ ദമ്പതിമാര്‍ കൊലപ്പെടുത്തി; മൃതദേഹം കണ്ടെടുത്തത് സ്യൂട്‌കേയ്‌സിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍

single-img
11 September 2018

സ്വര്‍ണം തട്ടിയെടുക്കാന്‍ ഗര്‍ഭിണിയായ അയല്‍ക്കാരിയെ കൊന്നു മൃതദേഹം സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ച ദമ്പതികള്‍ പിടിയില്‍. മാല എന്ന യുവതിയാണു നോയിഡയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൗരഭ് ദിവാകര്‍, ഭാര്യ റിതു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

മാലയും പ്രതികളും ബാസ്രാക് പ്രദേശത്ത് ഒരേ കെട്ടിടത്തിലാണ് വാടകയ്ക്ക് കഴിഞ്ഞിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മാലയെ കാണാനായി എത്തിയ ബന്ധുക്കള്‍ക്ക് മാല തന്റെ ആഭരണങ്ങളും വിലകൂടിയ വസ്ത്രങ്ങളും കാണിച്ചുകൊടുക്കുന്നത് അയല്‍വാസിയായ പ്രതി റിതു കണ്ടിരുന്നു.

ഇക്കാര്യം റിതു വിവരം ഭര്‍ത്താവായ സൗരവിനെ അറിയിച്ചു. അടുത്ത ദിവസം മാലയെ റിതു വീട്ടിലേക്ക് ക്ഷണിച്ചു. മാലയുടെ ഭര്‍ത്താവ് ശിവം ജോലിക്ക് പോയശേഷമായിരുന്നു ഇത്. വീട്ടിലെത്തിയ മാലയെ റിതുവും ഭര്‍ത്താവും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

തുടര്‍ന്ന് മാലയുടെ വീട്ടിലെത്തി ആഭരണവും വസ്ത്രങ്ങളും ഇരിക്കുന്ന സ്യൂട്‌കെയ്‌സ് കൈക്കലാക്കി. ആഭരണവും വസ്ത്രങ്ങളും എടുത്തുമാറ്റിയ ശേഷം മാലയുടെ മൃതദേഹം ഇവര്‍ സ്യൂട്‌കെയ്‌സിനുള്ളിലാക്കി. രാത്രി ഒമ്പത് മണിയോടെ മാലയുടെ മൃതദേഹം ഇവര്‍ ഗസിയാബാദില്‍ എത്തി ഉപേക്ഷിച്ചു.

അവിടുന്ന് പ്രതികള്‍ തങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയി. മാലയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ശിവം പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ആദ്യം മാലയുടെ ബന്ധുക്കള്‍ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു ആരോപിച്ചത്.

എന്നാല്‍ അന്വേഷണത്തില്‍ കൊലപാതക സമയം ശിവം ജോലിസ്ഥലത്തായിരുന്നെന്ന് വ്യക്തമായി. ഇതിനിടെ, അയല്‍വാസികളായ ദമ്പതികളെ കാണാനില്ലെന്നു വിവരം ലഭിച്ചതോടെ അവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഒടുവില്‍ ഇരുവരെയും പിടികൂടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.

കുറ്റസമ്മതം നടത്തിയ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മോഷണവസ്തുക്കളും ഇവരില്‍നിന്നു പിടിച്ചെടുത്തു. കൊലപാതകം (ഐപിസി 302), തെളിവു നശിപ്പിക്കല്‍ (ഐപിസി 201), ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനു കാരണമാകല്‍ (ഐപിസി 316), മോഷണം (ഐപിസി 394) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്.