സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി: ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തും

single-img
11 September 2018

തിരുവനന്തപുരം: വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതോടെ ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോല്‍സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി.

അമേരിക്കയില്‍ ഉള്ള മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും നീക്കമുണ്ടെന്നും സൂചനയുണ്ട്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. സ്‌കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും.

ഈ മേളകള്‍ക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നായിരുന്നു തീരുമാനം. ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നതിനെതിരേ മന്ത്രിമാരുടെ ഇടയില്‍ത്തന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയായിരുന്നു ഉത്തരവിറക്കിയത്.

അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പാണ് മുഖ്യമന്ത്രി എല്ലാ മേളകളും ഒരുവര്‍ഷത്തേക്ക് വേണ്ടെന്ന നിര്‍ദേശമടങ്ങിയ കുറിപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയത്. ഇക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല.