ഡീസല്‍ 50 രൂപയ്ക്കും പെട്രോള്‍ 55 രൂപയ്ക്കും കിട്ടും: പുതിയ നിര്‍ദേശവുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഢ്കരി

single-img
11 September 2018

പെട്രോളിനെയും ഡീസലിനെയും ആശ്രയിക്കുന്നത് കുറയ്ക്കാന്‍, രാജ്യത്തെ ജനങ്ങള്‍ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന് നിതിന്‍ ഗഢ്കരി. അതിനായി അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും നഗരമാലിന്യത്തില്‍ നിന്നും ജൈവഇന്ധനം ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കണമെന്നും അതുവഴി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നും കേന്ദ്ര ഗതാഗതമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച ഛത്തീസ്ഗഡിലെ ചരോദയില്‍ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവ ഇന്ധന ഉത്പാദനത്തിന് ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഇതര ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെ പെട്രോള്‍, ഡീസല്‍ ഉപയോഗം കുറച്ചുകൊണ്ടുവരാനാകുമെന്നും ഗഡ്കരി പറഞ്ഞു.

കാര്‍ഷിക രംഗത്ത് ഛത്തീസ്ഗഢിന് മികച്ച വളര്‍ച്ചാ നിരക്കുണ്ട്. അരി, ഗോതമ്പ്, ധാന്യങ്ങള്‍, കരിമ്പ് എന്നിവ വന്‍തോതില്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ ജൈവ ഇന്ധന ഹബ്ബായും ഛത്തീസ്ഗഢിന് മാറാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

എഥനോള്‍, മെഥനോള്‍, ജൈവ ഇന്ധനം, പ്രകൃതി വാതകം തുടങ്ങിയവയിലേക്ക് മാറുന്നതിലൂടെ പെട്രോളിനേയും ഡീസലിനേയും അമിതമായി ആശ്രയിക്കുന്നതില്‍ നിന്ന് മാറാന്‍ രാജ്യത്തിന് കഴിയും. രാജ്യത്ത് അഞ്ച് എഥനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പെട്രോളിയം മന്ത്രാലയം പദ്ധതിയൊരുക്കുന്നുണ്ട്.

വൈക്കോല്‍, കരിമ്പ്, ജൈവമാലിന്യങ്ങള്‍ എന്നിവയുപയോഗിച്ച് പ്ലാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന ഡീസല്‍ ലിറ്ററിന് 50 രൂപയ്ക്കും പെട്രോള്‍ ലിറ്ററിന് 55 രൂപയ്ക്കും ലഭ്യമാക്കാനാകുമെന്നും ഗഡ്കരി പറഞ്ഞു. എട്ട് ലക്ഷം കോടിയുടെ പെട്രോളും ഡീസലുമാണ് ഇറക്കുമതി ചെയ്യുന്നത്.

ഇവയുടെ വില നാള്‍ക്ക് നാള്‍ കൂടുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നു. കര്‍ഷകര്‍ക്കും, ആദിവാസികള്‍ക്കും, കാട്ടുവാസികള്‍ക്കും എഥനോളും, മെഥനോളും, ജൈവ ഇന്ധനവും ഉത്പാദിപ്പിച്ച് വിമാനം വരെ പറപ്പിക്കാമെന്ന് 15 വര്‍ഷമായി ഞാന്‍ പറയുന്നതാണ്.

അതുവഴി ഇവര്‍ക്കെല്ലാം ധനികരായി മാറാന്‍ കഴിയും. ബദല്‍ ഇന്ധനങ്ങളായ, എഥനോള്‍, മെഥനോള്‍, ബയോ ഡീസല്‍, സിഎന്‍ജി, ജൈവ ഇന്ധനം എന്നിവ ഉപയോഗിച്ച് ഓടുന്ന ഓട്ടോ റിക്ഷകള്‍, ബസുകള്‍, ടാക്‌സി വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറയുഞ്ഞു.