ഇന്ധനവില വര്‍ധനവിനെ ന്യായീകരിക്കാനെത്തിയ ബിജെപിക്കാര്‍ നാണംകെട്ടു: ‘വിചിത്ര ഗ്രാഫിലെ’ പൊള്ളത്തരം തുറന്നുകാട്ടി കോണ്‍ഗ്രസ്

single-img
11 September 2018

ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെ ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ട ന്യായീകരണ പോസ്റ്റിന്റെ പെള്ളത്തരം തുറന്നുകാട്ടി കോണ്‍ഗ്രസ്. പെട്രോള്‍ ഡീസല്‍ വിലവര്‍ധനയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം എന്ന തലക്കെട്ടോടെ രണ്ട് ഗ്രാഫുകളാണ് ബിജെപി ഐടി സെല്‍ പുറത്തു വിട്ടത്.

ഒന്ന് 2004 മുതലുള്ള പെട്രോള്‍ വിലയുടെയും മറ്റൊന്ന് ഡീസലിന്റെയും. അതില്‍ പറയുന്നത് 2014 മുതല്‍ 2018 കാലയളവില്‍ പെട്രോള്‍ വിലയില്‍ 13 ശതമാനം മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായതെന്നാണ്. അതേസമയം 2009 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് 75.8 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നും. ഡീസലിനും സമാനമായ അവസ്ഥയാണ് ഗ്രാഫില്‍ കാണിച്ചിരിക്കുന്നത്.

 

എന്നാല്‍, ഇതിലെ പൊള്ളത്തരമാണ് കോണ്‍ഗ്രസ് പൊളിച്ചടുക്കിയത്. കോണ്‍ഗ്രസ് ഭരണ കാലയളവില്‍ ക്രൂഡ് ഓയിലിന് വില കൂടിയതാണ് ഇന്ധനവില വര്‍ദ്ധനവിന് കാരണമായത്. എന്നാല്‍ 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ക്രൂഡ് ഓയിലിന് 34 ശതമാനം വിലയിടിവാണ് ഉണ്ടായത്. പക്ഷേ, ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടിയില്ലെന്നും രാജ്യത്ത് ഇന്ധനവില 13 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായതെന്നും കോണ്‍ഗ്രസിന്റെ ട്വീറ്റിലെ ഗ്രാഫില്‍ വ്യക്തമാക്കുന്നു.

വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന ഭാരത് ബന്ദിന് വന്‍ ജനപിന്തുണയാണുണ്ടായിരുന്നത്. അതേസമയം, ഇന്ധന വില വര്‍ധനവില്‍ വിചിത്രവാദവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. അടിക്കടി വില ഉയരുന്നതില്‍ സര്‍ക്കാരിന് പങ്കില്ല. ജനങ്ങള്‍ക്ക് സത്യമറിയാം. ബാഹ്യ ഘടകങ്ങളാണ് വില വര്‍ധനവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു സമയത്തേക്കുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുപോലും ജനങ്ങള്‍ ബന്ദിനെ പിന്തുണച്ചില്ല. ഇത് കോണ്‍ഗ്രസിന്റേയും മറ്റ് പ്രതിപക്ഷ കക്ഷികളുടേയും ശക്തി ചോര്‍ത്തി. ജനങ്ങളെ ഭയപ്പെടുത്താന്‍ അവര്‍ അക്രമം അഴിച്ചു വിടുകയാണെന്നും കേന്ദ്ര മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.