വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിനെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു

single-img
10 September 2018

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്തതിനായിരുന്നു ആക്രമണം. വാഹനം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍‌ത്തകര്‍‌ കാറിന്‍റെ മുന്‍ വശത്തെ ചില്ല് തകര്‍ക്കുകയും ചെയ്തു.

വാഹനത്തിനു നേരെ പാഞ്ഞടുത്ത കോണ്‍‌ഗ്രസ് പ്രവര്‍ത്തകര്‍ ഒരു ചില്ല് തകര്‍ക്കുന്നതു കണ്ട് മറ്റ് ചില്ലുകള്‍ താഴ്ത്താന്‍ ഡ്രൈവറോട് താന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഈ സമയത്താണ് തന്നെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പത്തനാപുരം പൊലീസാണ് പിന്നീട് ഷാഹിദാ കമാലിനെ ഇവിടെ നിന്നും കടത്തി വിട്ടത്. സിപിഎം പ്രവര്‍ത്തകരും ഇവിടേക്ക് എത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഷാഹിദാ കമാല്‍ നേരത്തെ കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ്. പിന്നീട് അവര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുകയായിരുന്നു.