ഇന്ധന വില വർധനവിൽ സർക്കാറിന്​ പങ്കില്ലെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​

single-img
10 September 2018

ന്യൂഡൽഹി: ഇന്ധന വില വർധനവിൽ സർക്കാറിന്​ പങ്കില്ലെന്ന്​ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്​. ജനങ്ങൾക്ക്​ സത്യമറിയാം. ബാഹ്യ ഘടകങ്ങളാണ്​ വില വർധനവിന്​ കാരണമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു സമയത്തേക്കുള്ള ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുപോലും ജനങ്ങൾ ബന്ദിനെ പിന്തുണച്ചില്ല.

ഇത്​ കോൺഗ്രസിന്റെയും മറ്റ്​ പ്രതിപക്ഷ കക്ഷികളുടേയും ശക്​തി ചോർത്തി. ജനങ്ങളെ ഭയപ്പെടുത്താൻ അവർ അക്രമം അഴിച്ചുവിടുകയാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്​.

പക്ഷെ പെട്രോൾ പമ്പുകളും ബസുകളും അഗ്നിക്കിരയാക്കുകയാണ്​. ബിഹാറിലെ ജഹാൻബാദിൽ നടന്ന പ്രതിഷേധത്തിനിടെ കുരുങ്ങിക്കിടന്ന ആംബുലൻസിൽ വെച്ച്​ കുട്ടി മരിച്ചു. ആരാണ്​ ഇതിനുത്തരവാദി.

കുട്ടിയുടെ മരണത്തിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം, കുട്ടിയുടെ മരണം വഴിയിൽപ്പെട്ടതിനെ തുടർന്നല്ലെന്നു ജഹാനാബാദ് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കുട്ടിയുമായി വൈകിയാണ് കുടുംബാംഗങ്ങൾ വീട്ടിൽനിന്നു പുറപ്പെട്ടതെന്നും വഴിയിൽ കുടുങ്ങിയല്ല മരണ കാരണമെന്നും ജഹാനബാദ് സബ് ഡിവിഷനൽ ഓഫിസർ പരുതോഷ് കുമാർ വ്യക്തമാക്കി.