കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നില്ല; നിരത്തിൽ സ്വകാര്യവാഹനങ്ങളും കുറവ്; കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

single-img
10 September 2018

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കെഎസ്‌ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. നഗരപ്രദേശങ്ങളില്‍ കടകള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്. പ്രളയ ബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മലപ്പുറം തലപ്പാറ പടിക്കലിൽ പുലർച്ചെ KSRTC ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ബംഗ്ലൂരിലേക്ക് സർവീസ് നടക്കുന്ന ബസിനുൾപ്പെടെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ട്രെയിന്‍ അടക്കമുള്ള വാഹന ഗതാഗതം തടയുന്നുണ്ട്.

പ്രതിപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് ബന്ദ് കാര്യമായി ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബിഹാറില്‍ ബന്ദ് അനുകൂലികള്‍ രാവിലെ ട്രെയിനുകള്‍ തടഞ്ഞു. മിക്കവാറും ദേശീയപാതകളെല്ലാം തടസ്സപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ ബന്ദിനെ നേരിടുന്നതിന് വലിയതോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ചിലയിടങ്ങളില്‍ പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം നല്‍കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യവ്യാപക ബന്ദിന്റെ ഭാഗമായി ഡല്‍ഹി രാജ്ഘട്ടില്‍ 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്ന് ധര്‍ണ നടത്തും. ബന്ദ് നടക്കുന്ന ഒമ്പത് മണി മുതല്‍ മൂന്നു മണിവരെയാണ് ധര്‍ണ. അതിനിടെ, പ്രക്ഷോഭങ്ങൾക്കിടെയും ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് കൂട്ടിയത്.