ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുന്ന ഗ്വാട്ടിമാല: ഒരു ദുരന്തസ്ഥലം എങ്ങനെ ടൂറിസം കേന്ദ്രമാക്കി മാറ്റാം എന്നതിന്റെ ഉദാഹരണം

single-img
10 September 2018

ഒരു ദുരന്തസ്ഥലം എങ്ങനെ ടൂറിസം കേന്ദ്രമാക്കി മാറ്റാം എന്നതിന്റെ ഉദാഹരണമാണ് ഗ്വാട്ടിമാല.
അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിനു ശേഷം വീണ്ടും ഒരു ടൂറിസ്റ്റ് സ്‌പോട്ട് എന്ന നിലയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഗ്വാട്ടിമാല. പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതവും നാമാവശേഷമായ ഗ്രാമങ്ങളും കാണാനായാണ് സഞ്ചാരികള്‍ ഇവിടേയ്ക്ക് പ്രവഹിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ ആദ്യവാരത്തിലായിരുന്നു ലോകത്തെ നടുക്കിയ ഗ്വാട്ടിമാല അഗ്‌നിപര്‍വത സ്‌ഫോടനം. സ്‌ഫോടനത്തിൽ ഒരു ഗ്രാമം തന്നെ ഇവിടെ ഇല്ലാതായി. ആദ്യത്തെ സ്‌ഫോടനത്തില്‍ അതിശക്തമായി ചാരവും പുകയും പാറക്കല്ലുകളും തെറിച്ചു വീണതിനാല്‍ വ്യോമയാനം വരെ തടസപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് വീടും നാടും ഉപേക്ഷിച്ചു പോയത്.

12,346 അടി ഉയരത്തിലാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഗ്വാട്ടിമാലയില്‍ പ്രധാനമായും രണ്ട് സജീവ അഗ്‌നിപര്‍വ്വതങ്ങളാണുള്ളത്. സാന്റിയാഗിറ്റോയും ഫ്യൂഗോയും. അതിലൊന്നിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. പക്കായ കൊടുമുടിയുടെ മുകളിലെത്തിയാല്‍ പൊട്ടിത്തെറിച്ചത് ഉള്‍പ്പെടെ ഇവിടുത്തെ സജീവ അഗ്‌നിപര്‍വ്വതങ്ങള്‍ നേരിട്ട് കാണാം.

എന്നാല്‍ ഇപ്പോള്‍ വോള്‍ക്കാനോ ടൂറിസത്തിന്റെ പേരിലാണ് ഇവിടം വാര്‍ത്തകളില്‍ ഇടംനേടുന്നത്
ഇപ്പോഴും ചെറുചൂടുള്ള ലാവ കാണാനും, തിളച്ചു കിടക്കുന്ന കല്ലുകളില്‍ വെച്ചു ആഹാരം പാകം ചെയ്യാനുമെല്ലാം ഇവിടേക്ക് ആളുകള്‍ വന്നെത്തുന്നു. മിക്കവര്‍ക്കും ഇവിടേയ്ക്ക് വരാന്‍ ഒരു ഗൈഡിന്റെ സഹായം ആവശ്യമുണ്ട്. അതിനാല്‍ പ്രാദേശിക വഴികാട്ടികള്‍ക്കും നല്ല കോളാണ്.

പക്കായയിലെക്കാണ് ഇപ്പോള്‍ ഏറ്റവുമധികം സഞ്ചാരികള്‍ വന്നെത്തുന്നത്. അഗ്‌നിപര്‍വ്വതങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും സൗകര്യപ്രദം ഇവിടെ നിന്നാണ്. ഇക്കഴിഞ്ഞ ജൂണില്‍ മാത്രമല്ല മുന്‍വര്‍ഷങ്ങളിലും ഇവിടെ അതിശക്തമായ അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ ചുട്ടുപഴുത്ത തറയില്‍ മുട്ടയോ, ചോളമോ ഒക്കെ വെച്ചാല്‍ അടുപ്പിന്റെ സഹായമില്ലാതെ പാകം ചെയ്‌തെടുക്കാം. അത്രയ്ക്ക് ചൂടാണ്.

ഇവിടുത്തെ ജനങ്ങള്‍ക്ക് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ ആഴം അറിയാമെങ്കിലും പലര്‍ക്കും ഇതിന്റെ വ്യത്യാസങ്ങള്‍ ഒന്നും വലിയ പിടിയില്ല. പകുതിയിലേറെ ആളുകള്‍ ദിവസവും അന്നത്തിനുള്ള വഴി കണ്ടെത്തുന്നത് ഈ വോള്‍ക്കാനോ ടൂറിസത്തെ ആശ്രയിച്ചാണ്. മിക്കവരും സഞ്ചാരികള്‍ക്കൊപ്പം ഗൈഡ് ആയാണ് ജോലി ചെയ്യുന്നത്. അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള പുക നോക്കി പോലും അപകടം മനസിലാക്കാന്‍ ഇവര്‍ക്കറിയാം. അവക്കോഡ കൃഷിയാണ് ഇവിടുത്തെ മറ്റൊരു വരുമാനമാര്‍ഗ്ഗം