ഇന്ധനവില വര്‍ധനവിനെതിരെ പ്രധിഷേധം ആളിക്കത്തുന്നു; ഡല്‍ഹിയില്‍ രാഹുലിന്‍റെ പടുകൂറ്റന്‍ മാര്‍ച്ച്; പിന്തുണച്ച് 21 പാര്‍ട്ടികള്‍ • ഇ വാർത്ത | evartha
Latest News

ഇന്ധനവില വര്‍ധനവിനെതിരെ പ്രധിഷേധം ആളിക്കത്തുന്നു; ഡല്‍ഹിയില്‍ രാഹുലിന്‍റെ പടുകൂറ്റന്‍ മാര്‍ച്ച്; പിന്തുണച്ച് 21 പാര്‍ട്ടികള്‍

ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. ദേശീയ തലത്തിൽ ബന്ദ് പൂർണമാണ്. ഡൽഹിയിൽ രാവിലെ നടന്ന പ്രതിഷേധ റാലിയിൽ രാഹുൽ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിൽപുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു നേതാക്കൾക്കൊപ്പം രാഹുൽ ജന്തർമന്ദിറിലെത്തിയത്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും പ്രതിഷേധ റാലിയില്‍ എത്തി. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. ഗുലാം നബി ആസാദ്, മനോജ് ശര്‍മ്മ, തുടങ്ങിയവരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ശരത് പവാര്‍, ശരത് യാദവ്, മനോജ് ഝാ, സോമനാഥ് ഭാരതി, തുടങ്ങിയവരും പ്രതിഷേധത്തിനെത്തി.

രാജ്യത്ത് ഇന്ധനവില കുതിച്ചുകൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണെന്നു രാഹുൽ അഭിപ്രായപ്പെട്ടു. ‘രാജ്യമാകെ ഇന്ധനവില വർധിക്കുകയാണ്. പാചകവാതകത്തിനും വില കൂടുന്നു. എന്നാൽ ഇതിലൊന്നിലും പ്രതികരിക്കാതെ പ്രധാനമന്ത്രി മൗനത്തിലാണ്. കർഷകർ ആത്മഹത്യ ചെയ്യുന്നു.

സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം വെടിയുന്നില്ല. രാജ്യത്തെ ജനങ്ങൾക്കു നിരവധി വാഗ്ദാനങ്ങളാണു മോദി നൽകിയിട്ടുള്ളത്. അതെല്ലാം നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു– രാഹുൽ ആരോപിച്ചു. 70 വർഷത്തിനിടെ രൂപയുടെ മൂല്യം ഇത്രയധികം ഇടിയുന്നത് ആദ്യമാണ്. ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുകയാണ്.

റഫാൽ ഇടപാടിനെക്കുറിച്ചു പാർലമെന്റിലുയർന്ന ചോദ്യങ്ങൾക്കു മോദി മറുപടി പറയുന്നില്ല. നോട്ടുനിരോധനം എന്തിനുവേണ്ടിയാണു നടപ്പാക്കിയതെന്ന് ആർക്കുമറിയില്ല. ഈ സർക്കാർ കർഷകർക്കു വേണ്ടിയല്ല, തിരഞ്ഞെടുക്കപ്പെട്ട കുറച്ചു ധനികർക്കു മാത്രമായാണു പ്രവർത്തിക്കുന്നത്’– രാഹുൽ പറഞ്ഞു.

ബന്ദ് പ്രഖ്യാപിച്ചിട്ടും ചില സംസ്ഥാനങ്ങളില്‍ ഇന്ധന വില ഉയര്‍ത്തിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടും അഭിമാനത്തേടെ ബിജെപി സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വിലക്കയറ്റം വികസനം കൊണ്ടുവരുമെന്നാണ്ഇ ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രഖ്യാപിച്ച രാജ്യവ്യാപക ബന്ദില്‍ ചില സംസ്ഥാനങ്ങളില്‍ ട്രെയിന്‍ അടക്കമുള്ള വാഹന ഗതാഗതം തടയുന്നുണ്ട്. പ്രതിപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് ബന്ദ് കാര്യമായി ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തൃണമുല്‍ കോണ്‍ഗ്രസും ബി.എസ്.പിയും ബന്ദില്‍ നിന്ന് വിട്ടു നിന്നു.

പാറ്റ്നയില്‍ ശരത് യാദവിന്‍റെ പാര്‍ട്ടിയായ ലോക്താന്ത്രിക് ജനതാദളിന്‍റെ പ്രവര്‍ത്തകര്‍ ബൈക്ക് തോളില്‍ ചുമന്നാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാര്‍ റെയില്‍പാളത്തില്‍ കിടന്ന പ്രതിഷേധിച്ചതോടെ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു.

ബിഹാറിന്‍റെ വിവിധ മേഖലകളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ഇതോടെ റോഡ് ഗതാഗതവും സ്തംഭിച്ചു. പ്രതിപക്ഷ കക്ഷികളായ ആര്‍ജെഡിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും (എച്ച്‌എഎം) ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച തെരുവിലിറങ്ങി. പുലര്‍ച്ചെ മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചതോടെ വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെടുകയായിരുന്നു. പ്രതിഷേധക്കാര്‍ ടയറുകള്‍ റോഡിലിട്ട് കത്തിച്ചാണ് ഗതാഗതം സ്തംഭിപ്പിച്ചത്.

ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്. വലിയ രീതിയിലുള്ള സഹകരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നാണ് ഹര്‍ത്താലനുകൂലികള്‍ പറയുന്നത്.