ഓഫീസുകള്‍ കയറി ഇറങ്ങേണ്ട: ഡ്രൈവിംഗ് ലൈസൻസ് മുതൽ വിവാഹ സർട്ടിഫിക്കറ്റ് വരെ ഇനി വീട്ടിലെത്തും

single-img
10 September 2018

വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി ദില്ലിക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട, ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്,വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങി എന്തുമാകട്ടെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിക്കൊളും. സെപ്റ്റംബര്‍ 10 മുതലാണ് പുതിയ പദ്ധതി പ്രാബല്ല്യത്തില്‍ വരുന്നത്.

ഈ വർഷമാദ്യം പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാനായിരുന്നു ഡൽഹി സർക്കാർ പദ്ധതിയിട്ടിരുന്നതെങ്കിലും ലഫ്റ്റനന്‍റ് ഗവർണർ എതിരഭിപ്രായം ഉന്നയിച്ചതിനെ തുടർന്ന് വൈകുകയായിരുന്നു. ലഫ്റ്റനന്‍റ് ഗവർണർ അനുമതി നൽകിയില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപണം ഉന്നയിച്ചപ്പോൾ പുനരാലോചിക്കാനാണ് ആവശ്യപ്പെട്ടതെന്ന് ആയിരുന്നു ലഫ്റ്റനന്‍റ് ഗവർണറുടെ മറുപടി. ഏതായാലും പ്രതിസന്ധികളെ മറികടന്നാണ് വീട്ടുപടിക്കൽ സർക്കാർ സേവനങ്ങൾ ഇന്നുമുതൽ എത്തുന്നത്.

“സേവനങ്ങൾ ഇനി വീട്ടുപടിക്കൽ. ഭരണനിർവഹണത്തിൽ ഒരു വിപ്ലവമാണ് ഇത്. അഴിമതിക്ക് ഇത് ഒരു വലിയ അടിയാണ്. ജനങ്ങൾക്ക് തികച്ചും അനുയോജ്യമാണ്. ലോകത്ത് ഇതാദ്യമായാണ് ഇങ്ങനെയൊരു രീതി സംഭവിക്കുന്നത്. സെപ്തംബർ 10 മുതൽ ഇത് പ്രാബല്യത്തിൽ വരും” – ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞമാസം ട്വിറ്ററിൽ കുറിച്ചു.

പദ്ധതിയനുസരിച്ച് നാൽപതു സേവനങ്ങളാണ് ഇത്തരത്തിൽ വീട്ടുപടിക്കൽ ലഭിക്കുക. ഈ സേവനങ്ങൾ ലഭിക്കുന്നതിനു വേണ്ടി ജനങ്ങൾ ഇനി സർക്കാർ ഓഫീസിൽ പോയി ക്യൂ നിൽക്കേണ്ടതില്ല. ആദ്യഘട്ടത്തിൽ ജാതി സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയായിരിക്കും ലഭ്യമാകുക. സേവനങ്ങൾ വീട്ടുപടിക്കൽ ലഭിക്കാൻ 50 രൂപ അധികം നൽകണം.

സേവനങ്ങൾ വീട്ടിൽ എത്തിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. സ്വകാര്യ ഏജൻസിയിൽനിന്നാണ് ഇത്തരം ആളുകളെ ലഭ്യമാക്കുക. ജാതി സർട്ടിഫിക്കറ്റ്, പുതിയ ജല കണക്ഷൻ, വരുമാന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, വാഹന ആർ സികളുടെ പകർപ്പ് തുടങ്ങിയവയും സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ഒരാൾ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുകയാണെന്ന് കരുതുക. സേവനം ആവശ്യമുള്ളയാൾ നിർദ്ദിഷ്ട കോൾ സെന്‍റർ നമ്പറിലേക്ക് വിളിച്ച് സേവനം ആവശ്യപ്പെട്ട് വിശദാംശങ്ങൾ നൽകുക. രജിസ്ട്രേഷനു ശേഷം മൊബൈൽ സഹായക് സേവനത്തിനായി അപേക്ഷകന്‍റെ വീട്ടിലെത്തും. അയാൾ അപേക്ഷകന്‍റെ ആവശ്യമായ രേഖകൾ വാങ്ങും. അപേക്ഷകൻ, ഡ്രൈവിംഗ് ടെസ്റ്റിനായി സമീപത്തുള്ള മോട്ടോർ ലൈസൻസിങ് ഓഫീസിൽ എത്തണം.