യുഎഇയിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളി കണ്ടെത്തി

single-img
9 September 2018

അബുദാബി: യുഎഇയില്‍ ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള മുസ്ലീം പള്ളി കണ്ടെത്തി. യുഎഇയിലെ അല്‍ എയ്ന്‍ പ്രദേശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഷെയ്ഖ് ഖാലിഫ് പള്ളിയുടെ പരിസരത്തായാണ് പഴയ പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

യുഎഇയില്‍ കണ്ടെത്തിയതില്‍ ഏറ്റവും പുരാതനമായ പള്ളിയാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. ഇസ്ലാമിന്റെ സുവര്‍ണ കാലഘട്ടമായ അബ്ബാസിദ് ഖലീഫത്തിന്റെ കാലത്ത് നിര്‍മ്മിച്ച മുസ്ലീം പള്ളിയാകാം ഇതെന്നാണ് കണക്കാക്കുന്നത്. മൂന്ന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇവിടേക്കുള്ള പ്രത്യേക ജലപാതകളുമാണ് കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം 3000 വര്‍ഷങ്ങളുടെ പഴക്കമുള്ള കനാല്‍ സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ ഭിത്തികള്‍ ചെളി ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. പള്ളികളുടെ ഭിത്തികളില്‍ എഴുതാറുള്ള പ്രത്യേക പ്രാര്‍ഥനകള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് മുസ്ലീം പള്ളി തന്നെയാണിതെന്ന് ഉറപ്പിക്കാന്‍ സഹായിച്ചത്.

ഒന്‍പതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും ഉപയോഗിച്ചിരുന്ന പ്രത്യേക പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഇവ ഉപയോഗപ്പെടുത്തി. മറ്റ് അറേബ്യന്‍ പ്രദേശങ്ങളില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഗവേഷകര്‍ക്ക് ലഭിച്ചു.

യുഎഇയുടെ ഒരുകാലത്തെ പ്രൗഡിയും പാരമ്പര്യം വിളിച്ചോതുന്നതാണ് പള്ളിയുടെ കാലപ്പഴക്കം. മുന്‍പ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദമായിരുന്നു അല്‍ എയ്ന്‍ എന്നതിന്റെ തെളിവായാണ് ഗവേഷകര്‍ ഈ കണ്ടെത്തലുകളെ വിലയിരുത്തുന്നത്.