കന്യാസ്ത്രീയുടെ കൈത്തണ്ടകള്‍ മുറിച്ചനിലയില്‍; മരണത്തില്‍ ദുരൂഹതയില്ലെന്ന് സഹോദരി

single-img
9 September 2018

പത്തനാപുരത്ത് കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ രണ്ട് കൈത്തണ്ടയിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍. പത്തനാപുരം മൗണ്ട് താബോര്‍ ദെയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യുവാണ് (54) മരിച്ചത്. മൃതദേഹം കണ്ടെടുത്ത കിണറിനരികിലും കന്യാസ്ത്രീയുടെ കിടപ്പുമുറിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

മുറിവുണ്ടാക്കിയ ബ്ലേഡ് കന്യാസ്ത്രീയുടെ മുറിയില്‍ നിന്നും കണ്ടെടുത്തു. എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പ്രാഥമിക അന്വേഷണത്തില്‍ സംഭവം ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്. കൈകളില്‍ സ്വയം മുറിവുണ്ടാക്കിയെന്നാണ് സൂചനയെന്ന് എസ്പി ബി അശോകന്‍ പറഞ്ഞു.

കൊലപാതകമോ ആത്മഹത്യയോ എന്ന സ്ഥിരീകരിക്കാനാവാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്ന് സഹോദരി ലാലി പറഞ്ഞു. രോഗങ്ങള്‍ മൂലം കന്യാസ്ത്രീ മാനസികപ്രയാസം അനുഭവിച്ചിരുന്നതായി സഹോദരി വെളിപ്പെടുത്തി.

സൂസണ്‍ തൈറോയിഡിന് ചികിത്സയിലായിരുന്നു. പരുമല ചികിത്സയ്ക്ക് പോയിരുന്നു. സൂസണ് അസുഖത്തെ സംബന്ധിച്ച് ഭയമുണ്ടായിരുന്നു. ഇന്നലെ രാത്രി ഒന്‍പതരയ്ക്ക് അവസാനമായി വിളിച്ചിരുന്നു. മറ്റ് ദുരൂഹതകള്‍ ഉള്ളതായി സംശയിക്കുന്നില്ലെന്നും സഹോദരി പറഞ്ഞു.

മൗണ്ട് താബോര്‍ സ്‌കൂളിലെ അധ്യാപികയാണു സിസ്റ്റര്‍ സൂസമ്മ. ഞായറാഴ്ചയായിട്ടും ഇവരെ സമീപത്തെ പള്ളിയിലോ ചാപ്പലിലോ പ്രഭാത കുര്‍ബാനയ്ക്കു കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. വലിയ കോംപൗണ്ടിന്റെ പല ഭാഗങ്ങളിലായാണ് സ്‌കൂളും കോണ്‍വെന്റും ചാപ്പലുമൊക്കെ സ്ഥിതി ചെയ്യുന്നത്.

അന്‍പതോളം കന്യാസ്ത്രികളാണു മഠത്തിലുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സൂസമ്മ വിഷാദവതിയായിരുന്നുവെന്നു മഠത്തിലെ അന്തേവാസികള്‍ പൊലീസിനോടു സൂചിപ്പിച്ചു. ആശുപത്രിയില്‍ ചില പരിശോധനകള്‍ക്കു പോയിരുന്നതായും ചില തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും പറയുന്നു.