വിവാഹ മോചനത്തിന് ശേഷം ഭർത്താവിനോ ഭർത്താവിന്റെ വീട്ടുകാർക്കോ എതിരെ നൽകിയ സ്ത്രീധന പീഡന കേസുകൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി

single-img
9 September 2018

ന്യൂഡൽഹി: വിവാഹമോചനത്തിനു ശേഷം ഭർത്താവിനോ ഭർത്താവിന്റെ വീട്ടുകാർക്കോ എതിരെ സ്ത്രീധനപീഡനപരാതി നൽകാനാവില്ലെന്ന് സുപ്രീം കോടതി വിധി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പും സ്ത്രീധനനിരോധന നിയമത്തിലെ വ്യവസ്ഥകളും വിവാഹമോചിതരായ ദമ്പതിമാരുടെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെയും എൽ നാഗേശ്വരറാവുവും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പെൺകുട്ടിയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ… എന്ന് തുടങ്ങുന്നതാണ് ബഞ്ചിന്റെ വിധിയുടെ ആദ്യ വാചകം. നിയമപ്രകാരം വിവാഹമോചിതരായവർ നിയമത്തിനു മുന്നിൽ ഭാര്യാഭർത്താക്കൻമാരല്ല എന്നതു കൊണ്ട് ഭർത്താവായിരുന്ന വ്യക്തിയ്‌ക്കോ ബന്ധുക്കൾക്കോ എതിരെ സ്ത്രീധന പീഡന ആരോപണം നിലനിൽക്കാൻ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു.

അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട കേസ് പരിഗണിക്കവെയാണ് ബെഞ്ച് ഇത്തരത്തിൽ വിധി പ്രസ്താവിച്ചത്. മുൻഭാര്യ സമർപ്പിച്ച സ്ത്രീധനപീഡനക്കേസിൽ പ്രതിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ കൂടുതൽ വാദങ്ങൾ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. കൂടാതെ വിവാഹമോചനത്തിന് ശേഷം നാലു വർഷം കഴിഞ്ഞാണ് മുൻഭാര്യ കേസ് നൽകിയതെന്നുള്ളതും കോടതി പരിഗണിച്ചു.

സെക്ഷൻ 498എയുടെയോ സെക്ഷൻ 3/4ന് കീഴിൽ വരുന്ന സ്ത്രീധന നിരോധന നിയമം അല്ലെങ്കിൽ ഏതെങ്കിലും സ്ത്രീധന നിരോധന നിയമത്തിന് കീഴിലോ വരുന്ന ഒരു കേസുകളും നിയമ പ്രകാരമായി ദമ്പതികൾ വേർപിരിഞ്ഞ ശേഷം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.