സൗദിയിലെ മലയാളി പ്രവാസികൾ ആശങ്കയിൽ

single-img
9 September 2018

സൗദിയില്‍ പന്ത്രണ്ട് മേഖലകളിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച തന്നെ പരിശോധനക്കും സ്ക്വാഡിനും ഇറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. 12 മേഖലകളിൽ ഒന്നിച്ച് സ്വദേശിവത്കരണം നടത്തുന്നതിനാൽ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികൾ.

സൗദിയിലെ ചെറുകിട വ്യാപാരമേഖല വിദേശ തൊഴിലാളികളുടെ കുത്തകയാണ്. മാത്രമല്ല, സ്വദേശികളുടെ സഹായത്തോടെ വ്യാപകമായി ബിനാമി വ്യാപാരവും ഈ മേഖലയിൽ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കാർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, അടുക്കള സാമഗ്രികൾ, ഇലക്ട്രോണിക്‌, ഒപ്റ്റിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, കെട്ടിടനിർമാണ സാമഗ്രികൾ, ഓട്ടോ സ്‌പെയർപാർട്‌സ്, കാർപെറ്റ് എന്നിവ വിൽക്കുന്ന കടകളിലും ബേക്കറികളിലും 70 ശതമാനം സ്വദേശിവത്കരണം നടത്താൻ തീരുമാനിച്ചത്.

100 ശതമാനം സ്വദേശിവത്കരണമാണ് നേരത്തേ തീരുമാനിച്ചതെങ്കിലും അപ്രായോഗികമാണെന്ന് കണ്ടെത്തിയതോടെ 70 ശതമാനമായി കുറയ്ക്കുകയായിരുന്നു. രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന നടത്തുന്നതിന് തൊഴിൽമന്ത്രാലയം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി 200 ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി.

മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രാദേശിക സ്വദേശിവത്കരണസമിതി എന്നിവർ ചേർന്ന് പരിശോധന നടത്താനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആശങ്കയിലാണ്.