ജനത്തിന്റെ കീശ കാലിയാക്കി ഇന്ധന വില കുതിക്കുന്നു: ഒരു വര്‍ഷത്തിനിടെ പെട്രോളിന് കൂടിയത് 9.81 രൂപ, ഡീസലിന് 14.85 രൂപയും

single-img
9 September 2018

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 12 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.82 രൂപയും ഡീസലിന് 77.75 രൂപയുമാണ് വില. ഈ മാസം പെട്രോളിന് 2.03 രൂപയും ഡീസലിന് 2.53 രൂപയുമാണ് വര്‍ധിച്ചത്.

എന്നാല്‍ ഒരു വര്‍ഷത്തിനിടെ പെട്രോളിനു 9.81 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 14.85 രൂപയും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എട്ടിനു ലിറ്ററിന് 73.72 രൂപയായിരുന്നു തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വിലയാവട്ടെ അന്ന് 62.64 രൂപ മാത്രമായിരുന്നു.

പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. കേരളത്തില്‍ പെട്രോള്‍ വില്പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്‍കണം. മേയ് 31നു നിരക്ക് കുറച്ചശേഷമുള്ളതാണ് ഈ നി കുതി. നേരത്തേ പെട്രോളിന് 31.8ഉം ഡീസലിന് 24.52ഉം ശതമാനമായിരുന്നു വാറ്റ്.

അതേസമയം, ഇന്ത്യ പോലെയൊരു സുസ്ഥിര സമ്പദ്‌വ്യവസ്ഥ അന്തംവിട്ടു പ്രതികരിക്കേണ്ടതില്ലെന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചു. ഡോളര്‍ കരുത്താര്‍ജിച്ചതും ചില ഒപെക് രാജ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ ഉല്‍പാദനം കൂട്ടാതിരുന്നതും ഇറാന്‍, വെനസ്വേല, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്നതുമാണു വിലവര്‍ധനയ്ക്കു കാരണമായി അദ്ദേഹം പറഞ്ഞത്.

നികുതി കുറച്ച് ആശ്വാസമേകാന്‍ കേന്ദ്രം മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളും തയാറാകുന്നില്ല. 2014 ജൂലൈ മുതല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞെങ്കിലും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു കൈമാറാതെ എക്‌സൈസ് തീരുവ തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.