മുഖ്യമന്ത്രി ഇടപെട്ടു; പി.കെ ശശിയ്‌ക്കെതിരെ കടുത്ത നടപടി

single-img
9 September 2018

ലൈംഗിക പീഡന പരാതിയില്‍ പികെ ശശിക്കെതിരായി കര്‍ശന നടപടി വരുമെന്ന് സിപിഎം വൃത്തങ്ങള്‍. പാര്‍ട്ടി ചുമതലകളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സജീവമാകേണ്ടെന്ന് പികെ ശശിക്ക് നിര്‍ദേശം നല്‍കിയതായാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന.

നിലവില്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായ ശശിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്ന അഭിപ്രയമാണ് ദേശീയ നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ശശിയെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതയാണ് വിവരം.

പികെ ശശിക്കെതിരെ നടപടി വൈകിപ്പിക്കാനും പരാതി മറച്ചുവയ്ക്കാനും ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കെ വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് കേന്ദ്രനേതാക്കള്‍ കരുതുന്നത്. സംസ്ഥാന തലത്തിലും സംഭവം ഗൗരവമായിത്തന്നെ എടുക്കാനാണ് ഒരുങ്ങുന്നത്. ശശിയെ പിന്തുണച്ചാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകരുമെന്ന നിലപാടിലാണ് പല നേതാക്കളും.

പ്രാദേശിക തലത്തിലും പി.കെ ശശിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പി.കെ ശശി എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാണ് സി.പി.ഐ നിലപാട്. പരാതിക്കാരിയെ വിശ്വാസത്തിലെടുത്തുള്ള നടപടിയാകും ഉണ്ടാവുക. പരാതിക്കാരി പൊലീസിനെ സമീപിക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്താല്‍ അത് പാര്‍ട്ടിക്ക് കളങ്കം ഉണ്ടാക്കുമെന്നതിനാല്‍ ഉടന്‍ നടപടി ഉണ്ടാകാനാണ് സാധ്യത.

ഈ മാസം തന്നെ സംസ്ഥാന ഘടകം നിയമിച്ച രണ്ടംഗ സമിതി അന്വേഷണം പൂര്‍ത്തിയാക്കും. അവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ നടപടിയെടുക്കുക. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നപടി സ്വീകരിക്കാനാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും.