ഹിന്ദുക്കള്‍ ഒന്നിക്കണം, സിംഹമാണെങ്കില്‍ കൂടി ഒറ്റയ്ക്കായാല്‍ കാട്ടുനായ്ക്കള്‍ കടിച്ചുകീറുമെന്ന് മോഹന്‍ ഭാഗവത്

single-img
9 September 2018

ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദുക്കള്‍ ദുരിതം അനുഭവിക്കുകയാണ്. സിംഹം ഒറ്റയ്ക്കാണെങ്കില്‍ ചെന്നായ്ക്കള്‍ അതിനെ കടിച്ച് കീറി നശിപ്പിക്കും. അതിനാല്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും മോഹന്‍ ഭാഗവത് ചിക്കാഗോയില്‍ പറഞ്ഞു.

ചിക്കാഗോയിലെ ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ പറയാറുള്ളത് സിംഹം കൂട്ടമായി നടക്കാറില്ലെന്നാണ്. എന്നാല്‍ കാട്ടിലെ രാജാവായ സിംഹം പോലും ഒറ്റയ്ക്കായാല്‍ ചെന്നായ്ക്കള്‍ ഒരുമിച്ചെത്തിയാല്‍ ആക്രമിക്കപെടും. ഉപദ്രവകാരിയായാല്‍ പോലും അയാളെ കൊല്ലരുത്, എന്നാല്‍ നിയന്ത്രിക്കണം എന്നാണ് ഹിന്ദുധര്‍മ്മം പഠിപ്പിക്കുന്നതെന്നും ഭാഗവത് പറഞ്ഞു.

അതേസമയം മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മറ്റു മത സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തിയാണ് ആര്‍എസ്എസ് ലോകത്ത് അറിയപ്പെടുന്നതെന്നും മറ്റു മതങ്ങളെ ഇങ്ങനെ ഉപമിക്കുന്നത് ലജ്ജാകരമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചു.

മറ്റുള്ളവരെ നായകളെന്ന് വിളിച്ച് നിന്ദിക്കുന്ന മോഹന്‍ ഭാഗവത് സ്വയം കടുവയാകാന്‍ ശ്രമിക്കുകയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. മോഹന്‍ ഭാഗവതിന്റെ നായയോടുള്ള ഉപമയ്‌ക്കെതിരെ ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആര്‍എസ്എസ് മേധാവി രാജ്യത്തെ ഹിന്ദു സമുദായത്തിന്റെ ക്ഷേമത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.