‘ആദ്യം സെഞ്ച്വറിയടിക്കുന്നത് പെട്രോള്‍ വിലയോ അതോ ഡോളറിനെതിരെ രൂപയുടെ മൂല്യമോ?’; മോദി സര്‍ക്കാരിനെ പരിഹസിച്ച് തോമസ് ഐസക്

single-img
9 September 2018

ആദ്യം സെഞ്ച്വറിയടിക്കുന്നത് പെട്രോള്‍ വിലയോ അതോ ഡോളറിനെതിരെ രൂപയുടെ മൂല്യമോയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ആശ്രയിച്ചാണ് പെട്രോള്‍ വില കുറയുകയും കൂടുകയും ചെയ്യുന്നത്. വിലവര്‍ദ്ധനയെന്ന പേരില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടി സ്വീകരിക്കുമോയെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആദ്യം സെഞ്ച്വറിയടിക്കുന്നത് ആരായിരിക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യമോ, ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയോ? ബാഹ്യഘടകങ്ങളെ ആശ്രയിച്ചാണ് രൂപയുടെ മൂല്യം മാറുന്നത് എന്നാണ് ഇപ്പോള്‍ നരേന്ദ്രമോദിയുടെ നിലപാട്. പ്രധാനമന്ത്രിക്കസേരയിലെത്തുന്നതിനു മുമ്പ് അങ്ങനെയായിരുന്നില്ലെങ്കിലും (പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും കറന്‍സിയുടെ മൂല്യം ഇടിയാതിരിക്കുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യയുടെ കറന്‍സിയുടെ മൂല്യം ഇടിയുന്നു എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ പഴയ പ്രസംഗത്തിന് ട്രോളര്‍മാര്‍ക്കിടയില്‍ ഇപ്പോഴും നല്ല മാര്‍ക്കറ്റാണ്).

എന്നാല്‍ പെട്രോള്‍ വിലയുടെ കാര്യത്തില്‍ അദ്ദേഹത്തിനെന്താണ് പറയാനുള്ളത്? അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ മാത്രം നയങ്ങളെ ആശ്രയിച്ചാണ് പെട്രോള്‍ വില കുറയുകയും കൂടുകയും ചെയ്യുന്നത്. വിലവര്‍ദ്ധനയെന്ന പേരില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ എന്തെങ്കിലും അദ്ദേഹം ചെയ്യുമോ?

ഏതാനും ദിവസങ്ങള്‍ക്കകം പെട്രോള്‍ വില ലിറ്ററിന് 90 കടക്കും. പിന്നെ ബാക്കി നില്‍ക്കുന്നത് നൂറില്‍ എന്നു തൊടും എന്ന കൌതുകം മാത്രം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയോ? ബാരലിന് എണ്‍പതു ഡോളറില്‍ താഴെ നില്‍ക്കുമ്പോഴാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വാണം പോലെ കുതിക്കുന്നത്. ഇതിനെന്തു ന്യായം.

എണ്ണവില ബാരലിന് 115 രൂപയായിരുന്നു 2013 ജൂലൈയില്‍. അന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ. ഇന്നലെ ക്രൂഡോയിലിന് 76.42 ഡോളര്‍ വിലയായി താണപ്പോള്‍ പെട്രോള്‍ വില 88 രൂപ. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയും ഇന്ത്യയിലെ എണ്ണവിലയും തമ്മില്‍ എന്തു താരതമ്യമാണുള്ളത്?

മോദി അധികാരമേറ്റ 2014 മെയ് മാസത്തില്‍ ക്രൂഡ് ഓയില്‍ വിലാ ബാരലിന് 100 ഡോളറായിരുന്നു. പിന്നീട് വില തുടര്‍ച്ചായി ഇടിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ അത് ബാരലിന് 35 ഡോളര്‍ എന്ന നിലയിലേയ്ക്ക് ഇടിഞ്ഞു. ആ വിലക്കുറവിന്റ എന്ത് ആനുകൂല്യമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്? ക്രൂഡ് വില ഇടിയുന്നതിന്റെ നേട്ടം വിലക്കുറവായി പ്രതിഫലിക്കാതിരിക്കാന്‍ എക്‌സൈസ് തീരുവ കുത്തനെ ഉയര്‍ത്തുകയാണ് കേന്ദ്രം ചെയ്തത്.

ഒന്നും രണ്ടുമല്ല, പതിനാറു തവണ തവണ. ഇരുനൂറു മുതല്‍ മുന്നൂറു ശതമാനം വരെയാണ് ഈ കാലയളവിനുള്ളില്‍ സെന്‍ട്രല്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചത്. സാമാന്യബുദ്ധിയ്ക്കു നിരക്കുന്ന എന്തെങ്കിലും ന്യായം ഈ വിലവര്‍ദ്ധനയ്ക്കുണ്ടോ? ജനങ്ങള്‍ വഹിക്കേണ്ടിവരുന്ന ദുസഹമായ ഭാരത്തെക്കുറിച്ച് ഒരു വേവലാതിയും ഭരിക്കുന്നവര്‍ക്കില്ല. മറിച്ച് കോര്‍പറേറ്റുകളുടെ ലാഭം കുറഞ്ഞാല്‍ ജനങ്ങളുടെ മടിശീല കവര്‍ന്ന് അവരെ പ്രീതിപ്പെടുത്താന്‍ കൈയറപ്പില്ലതാനും.

ഈ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടത്. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ വില സ്വാഭാവികമായി കുറയേണ്ടതാണ്. ആ വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ നികുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നവരെ ഊട്ടിയറുപ്പന്‍മാരെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

കോര്‍പറേറ്റ് മുന്തിയറുപ്പന്മാരുടെ ലാഭക്കൊതിയടക്കാന്‍ സ്വന്തം ജനതയെ ഊട്ടിയറുക്കുകയാണ് കേന്ദ്രഭരണാധികാരികള്‍. പെട്രോള്‍ വില നൂറിലേയ്ക്കു കുതിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ക്ക് കൂസലറ്റ കൊലച്ചിരിയും നിഷ്‌ക്രിയത്വവും. വില വര്‍ദ്ധനയെ ന്യായീകരിക്കാന്‍ ഇതേവരെ പറഞ്ഞ ന്യായങ്ങളെല്ലാം പെരുങ്കള്ളങ്ങളായിരുന്നുവെന്ന് തെളിഞ്ഞിട്ടും ഒരുളുപ്പുമില്ല.

ജനങ്ങളുടെ മടിശീല പിഴിഞ്ഞ് കോര്‍പറേറ്റുകളുടെ ഖജനാവു നിറയ്ക്കുന്ന ധാര്‍ഷ്ട്യത്തിനെതിരെ അതിശക്തമായ ജനരോഷമുയരണം. ജനങ്ങളെ ഇങ്ങനെ ശിക്ഷിക്കാന്‍ ഒരധികാരവും കേന്ദ്രസര്‍ക്കാരിന് ആരും നല്‍കിയിട്ടില്ല. ഏതാനും വെള്ളിക്കാശിനു വേണ്ടി ജനവിധിയെ കോര്‍പറേറ്റുകള്‍ക്ക് ഒറ്റികൊടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ഊറ്റിപ്പിഴിഞ്ഞ പണം കൊണ്ട് കക്കൂസു കെട്ടിക്കൊടുക്കും എന്നൊക്കെയുള്ള വിതണ്ഡവാദങ്ങള്‍ കൊണ്ടൊന്നും ജനരോഷം തടയാനാവില്ല. തീവെട്ടിക്കൊള്ളയ്ക്ക് ചീട്ടെഴുതുന്ന ഭരണം നമുക്കു വേണ്ട.

നാളെ നടക്കുന്ന ദേശീയ ഹര്‍ത്താല്‍ ജനദ്രോഹികള്‍ക്ക് കനത്ത താക്കീതായി മാറണം. അടിക്കടി പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിക്കുന്നത് നാടിന്റെ നട്ടെല്ലൊടിക്കുകയാണ്. പ്രളയം തകര്‍ത്ത കേരളമാണ് ഈ വിലവര്‍ദ്ധനയുടെ കെടുതിയ്ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായ പ്രതിഷേധം നാം പ്രകടിപ്പിക്കേണ്ടതുണ്ട്.