ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ഡി.ജി.പിയും ഐ.ജിയും ശ്രമിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍

single-img
9 September 2018

ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരായ പീഡന കേസ് അട്ടിമറിക്കാന്‍ ഡിജിപിയും ഐജിയും ശ്രമിക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍.

അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇപ്പോഴത്തെ അന്വേഷണസംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈ.എസ്.പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.

ഡിജിപിയും ഐജിയുമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതിന് പിന്നില്‍. ഇവരുടെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ബിഷപ്പിനെതിരായി പരമാവധി മൊഴികളും സാക്ഷികളും ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.

അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കടോതിയെ സമീപിക്കുമെന്നും കന്യാസ്ത്രീകള്‍ അറിയിച്ചു. അതിനിടെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം ക്രൈബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അതിനിടെ കന്യാസ്ത്രീ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. കന്യാസ്ത്രീക്കെതിരെ പി.സി. ജോര്‍ജ് എം.എല്‍.എ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം മാറ്റിവെച്ചത്. പി.സി ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിച്ച ശേഷമായിരിക്കും കന്യാസ്ത്രീ മാധ്യമങ്ങളെ കാണുക.