പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തില്‍

single-img
8 September 2018

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച സംസ്ഥാനത്തെത്തും. 20 അംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്. സംസ്ഥാനത്ത് വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി.

പ്രളയക്കെടുതിയില്‍ തകര്‍ന്ന കെഎസ്ടിപി റോഡുകളും സംഘം പരിശോധിക്കും. ലോകബാങ്ക് നിബന്ധനകളില്‍ പ്രളയദുരിതത്തെത്തുടര്‍ന്ന് അയവുണ്ടാകുമെന്നാണ് സൂചന. കേരളത്തിന് വായ്പ നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു.

സംഘത്തിന് കേരളത്തില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് ലോക ബാങ്ക് സംഘത്തിനുള്ള സന്ദര്‍ശന അനുമതി കേന്ദ്രം ലോകബാങ്കിനു നല്‍കിയത്. ഈ മാസം മൂന്നിനാണ് ഇതുമായി ബന്ധപ്പെട്ട കത്ത് കേരളം കേന്ദ്രത്തിന് അയച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച കേന്ദ്രം വിഷയത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

നേരത്തെ ലോകബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് ഡയറക്ടറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. കേരളത്തിന്റെ ദുരിതബാധ പ്രദേശങ്ങളെ എട്ടായി തിരിച്ചാകും സംഘം സന്ദര്‍ശനം നടത്തുക. അയ്യായിരം കോടി രൂപയുടെ ദീര്‍ഘകാല തിരിച്ചടയ്ക്കല്‍ വ്യവസ്ഥയുള്ള വായ്പയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

പ്രളയത്തില്‍ നശിച്ച റോഡ്, പാലം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണിത്. ആകെ ഇരുപതിനായിരം കോടി രൂപയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ നാലില്‍ ഒന്ന് ലോകബാങ്കില്‍നിന്ന് ലഭിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.