കന്യാസ്ത്രീകള്‍ തെരുവിലിറങ്ങുന്നത് ഗൗരവതരമെന്ന് വി.എസ്

single-img
8 September 2018

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. നീതിക്കായി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങുന്നത് ഗൗരവതരമാണെന്ന് വി.എസ് പറഞ്ഞു.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. അതില്‍ പൊലീസ് കാലതാമസം വരുത്തരുത്. ഗൗരവതരമായ കേസുകള്‍ സഭ തന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും വി.എസ് വ്യക്തമാക്കി. ഉന്നത സ്ഥാനത്തിരിക്കുന്ന, സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങള്‍ക്കും മീതെ സ്വതന്ത്രനായി വിഹരിക്കുന്നത് എന്നതിനാല്‍ ഇര അനുഭവിക്കുന്നത് വലിയ സമ്മര്‍ദ്ദമാണ്.

അന്വേഷണ സംവിധാനങ്ങളിലേക്കും ഈ സമ്മര്‍ദ്ദം ചെന്നെത്തുന്നു എന്ന ധാരണ പരക്കാനിടയാക്കുംവിധം പ്രതിയുടെ അറസ്റ്റും ചോദ്യം ചെയ്യലും അനന്തമായി നീണ്ടുപോവുകയാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസ് ഇനിയും കാലതാമസം വരുത്തിക്കൂടെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.