ജാഗ്രതൈ!; സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ

single-img
8 September 2018

സാമൂഹികമാധ്യമങ്ങളിൽ ട്രോളുകൾ പോസ്റ്റ് ചെയ്യുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനാണ് ആക്ഷേപഹാസ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വിലക്കിയതെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനും സാമൂഹികമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഈസാഹചര്യത്തിലാണ് ഫെയ്‌സ്‌ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ ട്രോളുകൾ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചത്. നിയമലംഘനം നടത്തുന്നവർക്ക് പരമാവധി അഞ്ചുവർഷംവരെ തടവുലഭിക്കും. ഇതിനുപുറമേ 30 ലക്ഷം റിയാൽ വരെ (ഏകദേശം 5.76 കോടി രൂപ) പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി.

പരിഹസിക്കുക, പ്രകോപനം ഉണ്ടാക്കുക, അന്യരെ ശല്യപ്പെടുത്തുക തുടങ്ങിയ പോസ്റ്റുകൾക്കെതിരേ കടുത്ത ശിക്ഷാനടപടി സ്വീകരിക്കും. ഇത്തരം പോസ്റ്റുകൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതും ശിക്ഷാർഹമാണ്. മതമൂല്യങ്ങളെ അപമാനിക്കുക, ധാർമികതയ്ക്ക് വിരുദ്ധമായ ചിത്രങ്ങൾ പോസ്റ്റുചെയ്യുക, തെറ്റിദ്ധാരണയുളവാക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, തെറ്റായ വാർത്തകൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ സൈബർ കുറ്റകൃത്യമായി പരിഗണിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.