ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്നില്‍ സമരം തുടങ്ങി

single-img
8 September 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിക്ക് മുന്നില്‍ സമരം തുടങ്ങി. കന്യാസ്ത്രീകളും കുടുംബാഗങ്ങളും ഇന്നു രാവിലെ 9.30നാണ് സമരം തുടങ്ങിയത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സര്‍ക്കാരും, സഭയും തങ്ങളെ കൈവിട്ടതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ മാധ്യമങ്ങളോടു പറഞ്ഞു. നീതി നിഷേധിക്കപ്പെടുന്നതിനാലാണ് സമരത്തിനിറങ്ങുന്നത്. ആരും സംരക്ഷിക്കാനില്ല. ഇരയായ കന്യാസ്ത്രീയൊടൊപ്പം ഉറച്ചുനില്‍ക്കും. കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു.

നിയമസംവിധാനം നടത്തിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്ന് മനസ്സിലായതോടെയാണ് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുന്നത്.

ജലന്ധര്‍ ബിഷപ്പിനെതിരെ മാത്രിയായ തെളിവുകള്‍ ലഭിക്കുകയും, പുതിയ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായത്. ബിഷപ്പ് ഫ്രാങ്കോയുടെ മോശം പെരുമാറ്റം മൂലമാണ് തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് രണ്ട് കന്യാസ്ത്രീകളും മൊഴി നല്‍കിയിരുന്നു.

ഇതെക്കുറിച്ച് പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും തുടര്‍ന്ന് സഭാവസ്ത്രം ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ബിഷപ് ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ട് രണ്ട് മാസം പിന്നിട്ടു.

പരാതിക്കാരിയായ കന്യാസ്ത്രീയെ അഞ്ചുപ്രാവശ്യം ചോദ്യം ചെയ്ത അന്വേഷണസംഘം വീണ്ടും തെളിവുകള്‍ ശേഖരിച്ച് അന്വേഷണം വഴിതെറ്റിക്കുകയാണെന്ന് ആരോപിച്ചാണ് സമരം. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പരാതിക്കാരി കടുത്ത മാനസിക സമ്മര്‍ദത്തിലാണ്.

കന്യാസ്ത്രീ ചങ്ങനാശേരി സി.ജി.എം. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം പരാതി സാധൂകരിക്കുന്ന ഇരുപതോളം തെളിവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് മാസമായി വൈക്കം ഡിവൈ.എസ്.പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലും ഡല്‍ഹിയിലും പഞ്ചാബിലുമായി നടത്തിയ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. കന്യാസ്ത്രീയുടെ പരാതിയിലെ പിഴവുകള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴും പോലീസിന്റെ അന്വേഷണം നടക്കുന്നതെന്ന ആരോപണമുണ്ട്.