Latest News

ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി പൊതുപരിപാടി റദ്ദാക്കി; അനാരോഗ്യമെന്ന് വിശദീകരണം

ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.

ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം എത്തില്ലെന്ന് അറിയിപ്പ് നല്‍കിയത്. വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി നടക്കേണ്ടിയിരുന്നത്. പി.കെ. ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഎം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് ശശിക്ക് താക്കീത് രൂപേണ നിര്‍ദ്ദേശം നല്‍കിയത്. ആരോപണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്ക് ഉണ്ടെന്നതടക്കമുള്ള പി.കെ ശശിയുടെ പ്രസ്താവനകള്‍ വിവാദമായിരുന്നു.

അതിനിടെ വെള്ളിയാഴ്ച എം.എല്‍.എ മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം ക്വാറം തികയാതെ പിരിഞ്ഞു. 19 അംഗ കമ്മിറ്റിയില്‍ മൂന്നു പേര്‍ മാത്രമാണ് എത്തിച്ചേര്‍ന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് എം.എല്‍.എ പൊതു പരിപാടി റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് വന്നത്.