പാലക്കാട് ഉപേക്ഷിച്ച മാംസാവശിഷ്ടങ്ങള്‍ തിന്നു ചത്തുവീണത് 40 കാക്കകളും നായയും പരുന്തും: പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍

single-img
8 September 2018

പാലക്കാട് പുതുപ്പളളിത്തെരുവ് കരിംനഗറിനു സീപത്തെ മുനവറ നഗറിലാണ് സംഭവം. ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന മുനവറനഗറില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയാണു കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വഴിയില്‍ കിടന്ന അറവുമാലിന്യം ഭക്ഷിച്ചാണ് ഇവ ചത്തതെന്നു മനസിലാക്കി.

ആശങ്കയിലായ ജനങ്ങള്‍ അടുത്ത വീടുകളിലും പിന്നീടു നഗരസഭയിലും വിവരമറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണു മാംസാവശിഷ്ടങ്ങളില്‍ വിഷം കലര്‍ന്നതായി വ്യക്തമായത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലായി.

തുടര്‍ന്നു സമീപത്തെ ഹോട്ടലുകളില്‍ നിന്ന് ഇറച്ചി ഭക്ഷണം കഴിക്കരുതെന്നും വീട്ടുകളില്‍ ഇറച്ചി ഉപയോഗിക്കരുതെന്നും ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു. സമീപ വീടുകളിലെ കിണറുകളിലേക്കടക്കം കാക്കകള്‍ ചത്തുവീണതോടെ പൈപ്പില്‍ നിന്നൊഴികെ വെള്ളം ഉപയോഗിക്കരുതെന്നും നഗരസഭ മുന്നറിയിപ്പു നല്‍കി.

വെറ്ററിനറി വിഭാഗവും പരിശോധന നടത്തി. വിഷാംശം തിരിച്ചറിയാന്‍ ചത്തുവീണ കാക്കയെയും നായയെയും പോസ്റ്റുമോര്‍ട്ടം നടത്തി. പൊലീസും ഇറച്ചിയുടെ സാംപിള്‍ ശേഖരിക്കുകയും കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും അനധികൃതമായി പ്രവര്‍ത്തിച്ച അഞ്ച് അറവുശാലകള്‍ പൂട്ടിച്ചെന്നും നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ പറഞ്ഞു.

അറവിനായി എത്തിക്കുന്ന കാലികളെ തലേന്നുതന്നെ നഗരസഭയുടെ അറവുകേന്ദ്രത്തിലെത്തിക്കണം. കാലികളെ പരിശോധിക്കാന്‍ പ്രത്യേകം വെറ്ററിനറി ഡോക്ടറെ നിയമിക്കും അറക്കുന്നതിന് മുന്‍പും ശേഷവും ഡോക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.

നഗരസഭയുടെ അംഗീകൃത സ്റ്റാളുകളില്‍മാത്രമേ മാംസം വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണം, പ്രത്യേകം രജിസ്റ്റര്‍ ഇതിനായി സ്റ്റാളുകളില്‍ സൂക്ഷിക്കണം. നഗരസഭയുടെ അറവുശാലയില്‍മാത്രമേ അറവ് നടത്താന്‍ പാടുള്ളൂ. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ഇറച്ചി സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം.

ലൈസന്‍സുള്ളവര്‍മാത്രമേ അറവ് നടത്തുന്നുള്ളൂ എന്ന് ഉറപ്പാക്കണം. പുറത്തുനിന്നെത്തുന്ന ഇറച്ചിക്ക് ലെവി ചുമത്തും. നഗരസഭയുടെ അറവുശാലയിലെ മാലിന്യമെടുക്കല്‍ നിലച്ചിരിക്കുകയാണ്. ഇതിന്റെ കരാറുകാരന്റെ ലൈസന്‍സ് റദ്ദാക്കാനും കൗണ്‍സിലില്‍ തീരുമാനമെടുത്തു.