എണ്ണക്കമ്പനികളുടെ പകല്‍ക്കൊള്ള തുടരുന്നു: പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി: പ്രതിഷേധം ശക്തമായിട്ടും ഒരു കുലുക്കവുമില്ലാതെ മോദിസര്‍ക്കാര്‍

single-img
8 September 2018

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില. ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്.

അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 78 ഡോളറാണ്. ഡോളറിന്റെ മൂല്യമാകട്ടെ വ്യാഴാഴ്ച 72 രൂപ കടന്നിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍, രൂപയുടെ മൂല്യം ഇടിയുകയും ഡോളര്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നത് ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും.

അതേസമയം, ലാഭത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന എണ്ണക്കമ്പനികളുടെ സമീപനമാണ് ഇന്ധനവില ഈ നിലയിലേക്ക് എത്താന്‍ കാരണം. വില റെക്കോഡ് നിലവാരത്തില്‍ എത്തിയതോടെ പെട്രോള്‍ വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ തുടങ്ങിയിട്ടുണ്ടെന്ന് പമ്പുടമകള്‍ പറയുന്നു. അതേസമയം, ഡീസല്‍ വില്‍പ്പനയില്‍ കാര്യമായ വ്യത്യാസമില്ല. സ്വകാര്യ വാഹനങ്ങളില്‍ ഏറിയ പങ്കും പെട്രോളാണെന്നതാവാം കാരണം.