ബാറ്റിങ്ങിനിറങ്ങിയ കുക്കിനെ അമ്പരപ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍: വീഡിയോ

single-img
8 September 2018

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും മുന്‍നിര ബാറ്റ്‌സ്മാനുമായ കുക്കിന്റെ വിരമിക്കല്‍ മത്സരത്തിലാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ താരത്തിന് സര്‍പ്രൈസ് നല്‍കിയത്. സാധാരണ, വിരമിക്കുന്ന താരത്തിന് മത്സരത്തിന്റെ അവസാനമാണ് യാത്രയയപ്പ് നല്‍കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഇന്ത്യന്‍ ടീം കുക്കിന് യാത്രയയപ്പ് നല്‍കിയത്.

ടോസ് നേടി ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ കുക്കിന് രാജകീയ വരവേല്‍പ്പാണ് താരങ്ങള്‍ നല്‍കിയത്. ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടെയും പതാകയേന്തി കുട്ടികള്‍ക്ക് നടുവിലൂടെ കുക്ക് മൈതാനത്തേക്ക്. തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി കുക്കിനെ മൈതാനത്തേക്ക് ആനയിച്ചു. കൂട്ടിന് അമ്പയറും.

33കാരനായ കുക്ക് ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഓപണിങ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. തിങ്കളാഴ്ചയാണ് കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫോമില്ലായ്മയാണ് താരത്തെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഏഴ് ഇന്നിംങ്‌സില്‍ നിന്ന് 109 റണ്‍ മാത്രമാണ് കുക്കിന് നേടാനായത്. കളി നിര്‍ത്തുന്നുവെന്ന് ഡ്രസിംങ് റൂമില്‍ സഹതാരങ്ങളോട് പറഞ്ഞപ്പോള്‍ താന്‍ വിതുമ്പി പോയെന്നും കുക്ക് പറഞ്ഞിരുന്നു.

161 ടെസ്റ്റുകള്‍ കളിച്ച റൂട്ട് 44.88 ശരാശരിയില്‍ 12254 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരവും കുക്ക് തന്നെ. 32 സെഞ്ചുറികളും 56 അര്‍ധസെഞ്ചുറികളുമാണ് ഇതുവരെ കുക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 2006ല്‍ ഇന്ത്യക്കെതിരെയാണ് ടെസ്റ്റില്‍ കുക്ക് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് തുടര്‍ച്ചയായി 158 ടെസ്റ്റുകള്‍ കളിച്ച് കുക്ക് അക്കാര്യത്തിലും റെക്കോഡിട്ടു. നിരവധി ഇംഗ്ലീഷ് റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയാണ് കുക്ക് കരിയര്‍ അവസാനിപ്പിക്കുന്നത്. ഇംഗ്ലണ്ടിനായി കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി(32), കൂടുതല്‍ 150+ റണ്‍സ്(11), കൂടുതല്‍ ടെസ്റ്റ് 161, കൂടുതല്‍ ക്യാച്ച് 173, ക്യാപ്റ്റന്‍ 59 ടെസ്റ്റ് എന്നിങ്ങനെ പോകുന്നു കുക്കിന്റെ റെക്കോഡുകള്‍. 24 വര്‍ഷത്തിന് ശേഷം ആഷസും 27 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ പരമ്പരയും ഇംഗ്ലണ്ടിന് നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂടിയാണ് കുക്ക്.