ശശിയെ സംരക്ഷിക്കില്ല; പരാതിക്കാരിക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം കാക്കുമെന്ന് എ.കെ ബാലന്‍; നടപടി വൈകിയത് പ്രളയം കാരണമെന്ന് ന്യായീകരണം

single-img
8 September 2018

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികപീഡന പരാതിയില്‍ പരാതിക്കാരിക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം കാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും അന്വേഷണത്തില്‍ എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ അവര്‍ക്ക് തേടാമെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരാതിക്കാരിയുടെ മാനസികാവസ്ഥ കണക്കിലെടുത്തു കൊണ്ടായിരിക്കും പാര്‍ട്ടി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. പരാതിക്കാരി എന്തു നടപടി സ്വീകരിച്ചാലും പാര്‍ട്ടിയും സര്‍ക്കാരും അവര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നും ബാലന്‍ പറഞ്ഞു.
സമാനമായ സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച നടപടികള്‍ നിങ്ങള്‍ക്കറിയാം.

ഒരാളെപോലും ഇത്തരം കാര്യങ്ങളില്‍ രക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല മാതൃകാപരമായ നടപടി സംഘടനാപരമായും നിയമപരമായും എടുത്ത ചരിത്രമുണ്ട്. ഇത്തരം കേസുകളില്‍ പങ്കാളികളായ പലരുമാണ് ഇതിന്റെ വക്താക്കളായി എത്തുന്നതെന്നും ബാലന്‍ പ്രതികരിച്ചു.

ഈ കേസ് പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കുന്നതില്‍ അനൗചിത്യമുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോടും മന്ത്രി പ്രതികരിച്ചു. അതില്‍ ഒരു അനൗചിത്യവുമില്ല. ഞാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത സമയത്തു തന്നെ വളരെ പ്രമാദമായ ഒരു അന്വേഷണ കമ്മീഷന്റെ ചുമതല ഉണ്ടായിരുന്നു.

പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ ഏല്‍പിക്കുന്ന ഉത്തരാവിദത്വം അത് എം.പിയായാലും മന്ത്രിയായാലും ചെയ്യാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അതില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്ന് ബാലന്‍ കൂട്ടിച്ചേര്‍ത്തു.